അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മീറ്റ്: രണ്ടാം ദിനം നിരാശ
കോയമ്പത്തൂര്‍: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മീറ്റിന്റെ രണ്ടാം ദിനത്തില്‍ നേട്ടം എം.ജി സര്‍വകലാശാലയ്ക്ക്. ഒരു സ്വര്‍ണവും രണ്ട് വെങ്കലവും എം.ജി സ്വന്തമാക്കി. പുരുഷ വിഭാഗം ഹൈ ജംപില്‍ ജിയോ ജോസാണ് സ്വര്‍ണം സ്വന്തമാക്കിയത്. വനിതാ വിഭാഗം 100 മീറ്ററില്‍ കെ. മഞ്ജുവിനും ട്രിപ്പിള്‍ ജംപില്‍ അലീന ജോസിനുമാണ് വെങ്കലം. പോയന്റ് പട്ടികയില്‍ എം.ജി മൂന്നാം സ്ഥാനത്താണ്. മാംഗ്ലൂര്‍ സര്‍വകലാശാലയും പട്യാല പഞ്ചാബി സര്‍വകലാശാലയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ഇന്ന് ടൂര്‍ണമെന്റില്‍ 13 ഫൈനല്‍ നടക്കും. ഇന്നലെ 5000 മീറ്ററില്‍ മത്സരിച്ച എം.ജി, കാലിക്കറ്റ് താരങ്ങള്‍ നിരാശപ്പെടുത്തി. വനിതകളില്‍ പൂനെ സാവിത്രി ഫുലെ സര്‍വകലാശാലയിലെ ജാധവ് എസ്. സഞ്ജീവനി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 15.59:17സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്താണ് ജാധവ് സ്വര്‍ണം സ്വന്തമാക്കിയത്. എം.ജി താരങ്ങളായ എയ്ഞ്ചല്‍ തോമസിനും അനുമരിയ സണ്ണിക്കും എട്ടും ഒന്‍പതും സ്ഥാനമാണ് ലഭിച്ചത്. പുരുഷന്മാരില്‍ പൂനെയുടെ തദ്വികിഷന്‍ 14.37:47 മിനുട്ടില്‍ പൂര്‍ത്തിയാക്കി സ്വര്‍ണം സ്വന്തമാക്കി. രണ്ട് വിഭാഗത്തിലും മംഗളൂരു സര്‍വകലാശാലക്കാണ് വെള്ളി.
അതേസമയം 800 മീറ്ററിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിരാശയായിരുന്നു ഫലം. വനിതാ വിഭാഗത്തില്‍ കാലിക്കറ്റിന്റെ അഞ്ജു മോഹനും എം.ജിയുടെ സ്മൃതിമോള്‍ വി. രാജേന്ദ്രനും പുരുഷന്മാരില്‍ കേരളയുടെ ട്വിങ്കിള്‍ ടോമിയും മത്സരിച്ചെങ്കിലും അവസാന സ്ഥാനക്കാരായി. അധികം വൈകാതെ തന്നെ മലയാളികള്‍ ആശിഷ് മെഡല്‍ ടീമിനെ തേടിയെത്തി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് വിദ്യാര്‍ഥിയായ ജിയോ ജോസ് 2.09 മീറ്റര്‍ ചാടിയാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ എന്‍.വി ഷീനയും അലീന ജോസും പ്രതീക്ഷ തെറ്റിക്കാതെയാണ് വെങ്കലം സ്വന്തമാക്കിയത് . സഷോട്ട്പുട്ടില്‍ പട്യാല പഞ്ചാബി സര്‍വകലാശാലയുടെ നവതേജ്ദീപ് സിങ് സ്വര്‍ണം നേടിയപ്പോള്‍ മാംഗ്‌ളൂരിന്റെ മലയാളി താരം ആല്‍ഫിന് വെങ്കലം ലഭിച്ചു. 400 മീറ്ററില്‍ എം.ജിയുടെ താരങ്ങളായ ജെറിന്‍ ജോസും കെ.കെ വിസ്മയയുമാണ് ഫൈനലിലെത്തി.
കാലിക്കറ്റിന്റെ ഷഹര്‍ബാന സിദ്ദീഖ് സെമി ഫൈനലില്‍ മടങ്ങി. പുരുഷന്മാരില്‍ കേരള സര്‍വകലാശാലയുടെ സനു സാജനും എം.ജിയുടെ കെ. മുഹമ്മദ് ലുബൈബും ഫൈനലിലെത്തി. വനിതാ ലോങ് ജംപില്‍ കേരളയുടെ ആല്‍ഫി ലൂക്കോസ്, നയന ജെയിംസ്, എം.ജിയുടെ രമ്യാരാജന്‍, സൗമ്യ വര്‍ഗീസ്, കാലിക്കറ്റിന്റെ കെ. അക്ഷയ എന്നിവര്‍ക്കും പുരുഷ ട്രിപ്പിള്‍ ജംപില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ മുഹമ്മദ് ഷഫീല്‍, എം.ജിയുടെ ബി. അബിന്‍, കാലിക്കറ്റിന്റെ ടി. സഫീര്‍ എന്നിവരും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. 4-400 മീറ്റര്‍ വനിതാ വിഭാഗം റിലേ ഫൈനല്‍ നാളെ നടക്കും.
100 മീറ്ററിലും നിരാശ
വനിതകളില്‍ നിലവിലെ ചാംപ്യന്‍ എം.ജി സര്‍വകലാശാലയുടെ കെ. മഞ്ജു ഇക്കുറി മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരി മദ്രാസ് സര്‍വകലാശാലയുടെ എസ്.അര്‍ച്ചന (12.04 സെക്കന്‍ഡ്) മീറ്റിലെ വേഗതയേറിയ താരമായപ്പോള്‍ മധുരൈ കാമരാജ് സര്‍വകലാശാലയുടെ വി. രേവതിക്കാണ് (12.08) വെള്ളി. 12.09 സെക്കന്‍ഡിലാണ് മഞ്ജു ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ മത്സരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ എം. അഖിലയും എം. സുഗിനയും യഥാക്രമം നാലും അഞ്ചും സ്ഥാനക്കാരായി. പുരുഷന്മാരിലും കേരളം നിരാശപ്പെടുത്തി. തെലങ്കാന കാകതിയ സര്‍വകലാശാലയുടെ സി.എച്ച് സുധാകറിനാണ് (10.64) സ്വര്‍ണം. മദ്രാസ് സര്‍വകലാശാലയുടെ എളക്കിയ ദാസന്‍ (10.71) വെള്ളിയും ചെന്നൈ വെല്‍സ് യൂനിവേഴ്‌സിറ്റിയുടെ ആര്‍. സ്വാമിനാഥന്‍ (10.72) വെങ്കലവും സ്വന്തമാക്കി. ഏക പ്രതീക്ഷയായിരുന്ന എം.ജിയുടെ കെ.എസ് പ്രണവിന് ആറാം സ്ഥാനമേ ലഭിച്ചുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."