യുവജനങ്ങളില്‍ സാമൂഹികപ്രതിബദ്ധതയും തൊഴില്‍ വൈദഗ്ധ്യവും വളര്‍ത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: ആധുനിക സാങ്കേതിക വിദ്യയുടെ പരമാവധിയുളള ഉപയോഗത്തില്‍ 'ന്യൂജെന്‍' എന്നറിയപ്പെടുന്ന ഇന്നത്തെ യുവജനങ്ങള്‍ അതിന്റെ പാര്‍ശ്വഫലമെന്നോണം സൈബര്‍ കുറ്റകൃത്യങ്ങളിലകപ്പെടുന്നതിനു പുറമെ ലഹരി ഉപയോഗത്തിലൂടെ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളിലും അകപ്പെടുന്നു. ഇത്തരം പ്രവണതകളില്‍ മാറ്റം വരുത്തി അവരില്‍ സാമൂഹികപ്രതിബദ്ധതയും തൊഴില്‍ വൈദഗ്ധ്യവും വളര്‍ത്തുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് യുവജനക്ഷേമ സംഘടനകളില്‍ നിന്നും മറ്റ് സാമൂഹിക-സന്നദ്ധ സംഘടനകളില്‍ നിന്നുമുണ്ടാകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി പറഞ്ഞു. കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന ദേശീയ യുവജനദിനാചരണത്തോടനുബന്ധിച്ചുളള യുവജനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു പ്രസിഡന്റ്.
യുവജനങ്ങള്‍ ആരോഗ്യപരിപാലന മേഖലയുടെ വക്താക്കളാവുകയും മാലിന്യനിര്‍മാര്‍ജന യജ്ഞത്തില്‍ കണ്ണികളാവുകയും വേണം. യുവജനങ്ങളിലെ പൗരബോധം ഉണര്‍ത്തി ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറാത്തവിധം യുവത്വത്തെ നയിക്കുന്നതാണ് യഥാര്‍ത്ഥ വിജയം. ലക്ഷ്യമിടുന്നത് നേടിയെടുക്കാനുള്ള ഇച്ഛാശക്തിയും കഠിനാധ്വാനവും യുവജനങ്ങള്‍ കൈമുതലാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സദാ ജാഗരൂകരായിരിക്കണമെന്നും നിശ്ചയ ദാര്‍ഢ്യമുളള പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരുത്തണമെന്നും പരിപാടിയില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു. കാര്‍ഷിക മേഖല സ്വയം പര്യാപ്തമാക്കുന്നതിലും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ പങ്കാളികളാകണമെന്നും സഹവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാനുളള മനോഭാവം വളര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പരിപാടിയില്‍ പട്ടികവര്‍ഗ വിഭാഗക്കാരായ 37 കുട്ടികള്‍ക്ക് എല്‍.ഡി.സി പരീക്ഷാ പരീശിലന ഗൈഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും ചേര്‍ന്ന് വിതരണം ചെയ്തു. കൂടാതെ ജില്ലയിലെ തിരഞ്ഞെടുത്ത 100 സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും സമ്മാനിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസര്‍ സുരേഷ് കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ഇ. പഴനിമല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഗോപകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ സി.ടി സബിത, എന്‍.വൈ.കെ പ്രതിനിധി എന്‍. കര്‍പകം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."