അന്യായമായി കാര്‍ തട്ടിയെടുത്തതായി പരാതി
വിഷയം ചൂണ്ടിക്കാട്ടി എസ്.പിക്ക് പരാതി നല്‍കിയിട്ട് ഒരുമാസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല
തൃശൂര്‍: വായ്പാ തിരിച്ചടവുകള്‍ പൂര്‍ത്തിയായിട്ടും കോട്ടെക് മഹീന്ദ്ര ബേങ്ക് അധികൃതര്‍ അനധികൃതമായി കാര്‍ പിടിച്ചെടുത്തെന്ന പരാതിയുമായി മേലൂര്‍ സ്വദേശി. നാല് വര്‍ഷം മുമ്പെടുത്ത വായ്പ തിരിച്ചടവ് കഴിഞ്ഞിട്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് കാര്‍ പിടിച്ചെടുത്തതെന്ന് വടാശ്ശേരി വീട്ടില്‍ മാത്യു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിയമ നടപടികള്‍ കോടതിയില്‍ നടക്കുകയും കോടതി ഇഞ്ചക്ഷന് ഓര്‍ഡര്‍ നിലനില്ക്കയും ചെയ്യവേയാണ് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തത്. ഇതിന് പൊലിസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും മാത്യു പറഞ്ഞു.
വിഷയം ചൂണ്ടിക്കാട്ടി എസ്.പിക്ക് പരാതി നല്‍കിയിട്ട് ഒരുമാസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ആറുമാസമായിട്ടും തന്റെ വാഹനം തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല, ഇതു സംബന്ധിച്ച് പരാതി നല്കാന് ഡി.ജി.പിയെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്റെ പരാതികള്‍ പരിഹരിക്കപ്പെടാതായതോടെയാണ് കലക്ടറേറ്റ് പടിക്കല്‍ സമരത്തിന് മുതിര്‍ന്നത്. അത് ആത്മഹത്യാ ശ്രമമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. അതുപോലെ ക്യാന്‍സര്‍ രോഗിയായ അളിയന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപയുടെ ബേങ്ക് വായ്പക്ക് ജില്ലാ സഹകരണ ബാങ്കിന്റെ ചാലക്കുടി ശാഖയില്‍ അപേക്ഷിച്ചെങ്കിലും മാനേജര്‍ക്ക് കമ്മീഷന് നല്‍കില്ലെന്ന് പറഞ്ഞതോടെ അപേക്ഷ തള്ളുകയാണുണ്ടായത്. ഇതിനെതിരായ പരാതിയില്‍ ചാലക്കുടി പൊലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും മാത്യു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."