സഹകരണ പ്രതിസന്ധി
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാനത്തെ എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ 24,000 രൂപ മാത്രമാണ് പിന്‍വലിക്കാനാകുന്നത്. കാര്‍ഷികവായ്പകള്‍പോലും പണമായി നല്‍കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വനബന്ധു കല്യാണ്‍ യോജന പദ്ധതിപ്രകാരം 3,600 കോടി യുടെ വികസന പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ നടപടി വേണം. പട്ടികവര്‍ഗ ഊരുകളില്‍ വൈദ്യുതി ലൈന്‍ നീട്ടുന്നതിനും കുടിവെള്ളമെത്തിക്കുന്നതിനും എം.പി ഫണ്ടില്‍ മുന്തിയ പരിഗണന നല്‍കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മിസോറാം സര്‍ക്കാര്‍ ആരംഭിക്കുമെന്നറിയിച്ചിട്ടുള്ള ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും സംസ്ഥാന ഭാഗ്യക്കുറി സംരക്ഷിക്കാന്‍ എം.പിമാരുടെ ഇടപെടല്‍ വേണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് യോഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ഫൈന്‍ ആര്‍ട്‌സ് കോളജുകളുടെ പുനരുദ്ധാരണത്തിനായി കേന്ദ്രസഹായം തേടി സമര്‍പ്പിച്ച 886 കോടി രൂപയുടെ പ്രൊപ്പോസലില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
കേരളത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലഭ്യമായിരുന്ന വിഹിതത്തെക്കാള്‍ കുറവാണ് ഭക്ഷ്യഭദ്രതാ നിയമപ്രകാരം ലഭിക്കുന്നത്. പഞ്ചസാര വിഹിതവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി എം.പിമാരുടെ ശ്രമമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, എ.സി മൊയ്തീന്‍, എം.എം മണി, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ പാര്‍ലമെന്റില്‍ നടത്തുമെന്ന് എം.പിമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."