ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം സഊദി വെട്ടി കുറച്ചു; തീരുമാനം എണ്ണ വില ഉയര്‍ത്തിയേക്കും
റിയാദ്: ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലെക്കുള്ള എണ്ണ വിതരണത്തില്‍ സഊദി അറേബ്യ വെട്ടിക്കുറച്ചു. ഒപെക് ഉച്ചകോടി തീരുമാനമനുസരിച്ചുള്ള ഉല്‍പാദന നിയന്ത്രണമാണ് വിതരണത്തില്‍ കുറവുവരുത്താന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യമായ സഊദിയെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ ഇന്ത്യയില്‍ നിലവില്‍ ലഭിച്ചിരുന്ന എണ്ണ ഇറക്കുമതിയുടെ അളവ് കുറയുകയും അത് മൂലം വീണ്ടും ദേശീയതലത്തില്‍ എണ്ണ വില വര്‍ധിക്കാനും ഇതു ഇട വരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ത്യലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ റിഫൈനറികള്‍ക്ക് ഫെബ്രുവരിയില്‍ നല്‍കാനുള്ള എണ്ണ വിഹിതത്തിലാണ് സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ കുറവ് വരുത്തുന്നത്. അന്തരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ കണക്കു പ്രകാരം ദിനേ 4.45 മില്യണ്‍ ബാരല്‍ എണ്ണയാണ് നിലവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ പ്രധാനമായും സഊദി അറേബ്യയില്‍ നിന്നുമാണ്. ഇതില്‍ 4.1 മില്യണ്‍ ബാരല്‍ എണ്ണയും ദിനേ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ പ്രധാന എണ്ണ വിതരക്കാരായ സഊദി നിയന്ത്രണം വരുത്തുമ്പോള്‍ ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി എണ്ണ വില വീണ്ടും ഉയര്‍ത്താനാണ് സാധ്യത.
ഇന്ത്യയെ കൂടാതെ മലേഷ്യയിലെ പെട്രോനാസ് എന്ന കമ്പനിക്കുള്ള വിഹിതത്തിലും അരാംകോ കുറവുവരുത്തി. അതേസമയം, അമേരിക്ക, യൂറോപ്പ് എന്നിവക്കുമുള്ള അരാംകോയുടെ എണ്ണ വിഹിതം മാറ്റമില്ലാതെ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നവംബര്‍ 30ന് വിയന്നയില്‍ ചേര്‍ന്ന, എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉച്ചകോടിയില്‍ എടുത്ത തീരുമാനമാണ് ഉല്‍പാദനവും വിതരണം നിയന്ത്രിക്കാന്‍ ഒപെക്കിലെ പ്രധാന രാജ്യമായ സഊദിയെ പ്രേരിപ്പിച്ചത്. ദിനേ പത്ത് ലക്ഷം ബാരല്‍ എണ്ണയാണ് നിലവില്‍ സഊദി ഉല്‍പാദിപ്പിക്കുന്നതെന്ന് ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഉച്ചകോടി തീരുമാനത്തിന്റെ ഭാഗമായി ജനുവരിയില്‍ പ്രതിദിനം 4,86,000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നത് കുറച്ചിട്ടുണ്ടെന്നാണ് കണക്ക്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം നിയന്ത്രിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ സൂക്ഷിപ്പ് കുറഞ്ഞിട്ടുണ്ടെന്നും ഇത് അടുത്ത മാസങ്ങളില്‍ വില വര്‍ധനവിന് കാരണമാവുമെന്നും എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."