വയനാട് സമഗ്രവികസന സെമിനാര്‍ ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന വയനാട് സമഗ്രവികസന സെമിനാര്‍ ഇന്നു മുതല്‍ ഫെബ്രുവരി ആറ് വരെ വിവിധ പഞ്ചായത്തുകളില്‍ നടക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി ഉഷാകുമാരി, വര്‍ക്കിങ് കണ്‍വീനര്‍ പി കൃഷ്ണപ്രസാദ്, പ്രാഫ. ജോസ് ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെമിനാറുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 10.30ന് പുതിയ ബസ്റ്റാന്റ് പരിസരത്താണ് സെമിനാര്‍. കര്‍ഷകര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ അടിസ്ഥാനവര്‍ഗങ്ങളുടെ വികസനത്തിനാണ് സെമിനാര്‍ മുന്‍ഗണന നല്‍കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ സ്ഥിര തൊഴിലും വരുമാനവും ഉള്ളവരാക്കി ഉയര്‍ത്തി കാര്‍ഷിക വ്യാവസായിക പരിഷ്‌കരണത്തിലൂടെ ആഭ്യന്തര ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ മികച്ച ജില്ലയായി വയനാടിനെ മാറ്റുക എന്നതാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലാകെ പത്ത് പ്രാദേശിക സെമിനാറുകളാണ് നടക്കുക. ഓരോപഞ്ചായത്തില്‍ നിന്നും പത്ത് പ്രതിനിധികള്‍ വീതം സെമിനാറുകളില്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍ ക്ഷീരസംഘം-സഹകരണ ബാങ്കുകള്‍-കുടുംബശ്രീ-ബ്രഹ്മഗിരി-പഴശി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, യുവജനങ്ങള്‍, വനിതകള്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സെമിനാറുകളില്‍ പങ്കെടുക്കും. വിവിധ സെമിനാറുകള്‍ ഹരിതകേരളം ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, ഡോ. കെ.എന്‍ ഗണേഷ്, ഡോ. കെ.കെ.എന്‍ കുറുപ്പ്, പ്രഫ. ടി.പി കുഞ്ഞിക്കണ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ടി ജയരാമന്‍, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കലക്ടര്‍ ബി.എസ് തിരുമേനി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ആറിന് ബത്തേരിയില്‍ നടക്കുന്ന സമപാന സെമിനാര്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. രവിരാമന്‍, ഡോ. കെ.എന്‍ ഹരിലാല്‍, ഡോ. ആര്‍ രാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെമിനാറുകളില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. ജില്ലയുടെ സവിശേഷമായ ഭൂപ്രകൃതി, കാലാവസ്ഥ, വിവിധ ജനങ്ങള്‍ തുടങ്ങിയ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വികസന നയം രൂപപ്പെടുത്തും. സെമിനാറിന്റെ വിജയത്തിനായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനും കലക്ടര്‍ ഡോ. ബി.എസ് തിരുമേനി കണ്‍വീനറുമായി സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."