കാസര്‍കോട് നിന്നു കാണാതായ വിദ്യാര്‍ഥികളെ ചെന്നൈയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഒരു മാസം മുന്‍പ് കാണാതായ 10ാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമത്ത് മുബഷിറയേയും വിദ്യാര്‍ഥിയായ പുല്ലൂരിലെ മുഹമ്മദ് നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി. കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയെതുടര്‍ന്ന് പൊലിസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇവര്‍ ചെന്നൈയിലുള്ളതായി പൊലിസിനു വിവരം ലഭിച്ചത്.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് ഇരുവരേയും കാണാതായത്. സ്കൂളിലേക്ക് പോയ മുബഷിറയെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് നിയാസിനേയും കാണാതായതായി വ്യക്തമായത്.
ഇരുവരുടേയും ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലിസ് ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍ തിരുവനന്തപുരം ഭീമാ പള്ളി ഭാഗത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അവിടെ പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതിയില്‍ നല്‍കിയത്. ഈ മാസം പത്തിന് കുട്ടിയെ ഹാജരാക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് ഉത്തരവിട്ടിരുന്നെങ്കിലും അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരം നടത്തുമെന്ന് വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഇവര്‍ ചെന്നെയില്‍ ഉള്ളതായി പൊലിസിനു വിവരം ലഭിച്ചത്. ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പൊലിസ് സംഘം ഇന്ന് രാവിലെ ചെന്നൈയിലേക്ക് പോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."