എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കരിനിയമം ചുമത്തി ജയിലിലടക്കുന്നു: യൂത്ത് ലീഗ്
കോഴിക്കോട്: കൊലപാതക കേസിലെ പ്രതികളടക്കം സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കരിനിയമം ചുമത്തി ജയിലിലടക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
നദീറിനെതിരെ യു.എ.പി.എയും 124 എയും ചുമത്തിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പൊലിസ് നടപടി ഡി.ജി.പിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലിസ് മനുഷ്യാവകാശ നിഷേധികളായി മാറുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍- പെന്‍ഷന്‍ അട്ടിമറിയില്‍ പ്രതിഷേധിച്ചും പൊലിസ് രാജിനെതിരേയും 18ാം തീയതി ജില്ലാ കലക്റ്ററേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപനം നടത്തി അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ സാധാരണക്കാരന്റെ ആശ്രയമായ റേഷന്‍ ഷാപ്പുകള്‍ അടച്ചു പൂട്ടുന്ന അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളെ പരിഗണിക്കുന്നതിന് ആവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കാര്യക്ഷമമായി നടന്നു വന്നിരുന്ന സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം ഇടത് മുന്നണി സര്‍ക്കാര്‍ ഭാവനയില്ലാതെ പുനക്രമീകരിച്ചത് കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ രഹിതരായി. ലിസ്റ്റില്‍ നിലനില്‍ക്കുന്നവര്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
കൊടിഞ്ഞി ഫൈസല്‍, നാദാപുരത്തെ അസ്‌ലം, കുറ്റ്യാടിയിലെ നസീറുദ്ദീന്‍ തുടങ്ങിയ കൊലപാതക കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടണം എന്നാവശ്യവും യൂത്ത് ലീഗ് മാര്‍ച്ചില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."