ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
ആലുവ: അശാസ്ത്രീയമായ ഗതാഗത സംവിധാനവും ജീവനക്കാരുടെ അശ്രദ്ധയെയും തുടര്‍ന്ന് മൂന്ന് വയസുകാരന്‍ ബസ് കയറിയിറങ്ങി മരിച്ചതിനെ തുടര്‍ന്ന് ആലുവ കെ.എസ്.ആര്‍.ടി,സി സ്റ്റാന്റില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ആലുവ സി.ഐയുടെ ചുമതലയുള്ള ക്രിസ്പിന്‍ സാമിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയായത്.
ബസുകളുടെ പാര്‍ക്കിങിലാണ് പ്രധാനമായും ക്രമീകരണം. പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, അങ്കമാലി, തൃപ്പൂണിത്തുറ, കാക്കനാട് ബസുകള്‍ ബസുകള്‍ എ.ടി.ഒ ഓഫിസ് കെട്ടിടത്തിന് അഭിമുഖമായി പാര്‍ക്ക് ചെയ്യണം. ഇങ്ങനെയാകുമ്പോള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ബസുകള്‍ക്ക് പിന്നോട്ടെടുക്കാതെ പാര്‍ക്ക് ചെയ്യാം. എന്നാല്‍ തിരിച്ച് പോകുമ്പോള്‍ പിന്നോട്ടെടുക്കണം. ഇത് താരതമ്മ്യേന അപകടം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഈ ഭാഗത്തേക്കുള്ള ബസുകള്‍ പിന്നോട്ടെടുത്താണ് പാര്‍ക്ക് ചെയ്തിരുന്നത്.
എതിര്‍വശത്താണ് പെരുമ്പാവൂര്‍, കോതമംഗലം, മൂന്നാര്‍, മാള, കീഴ്മാട്, ചേര്‍ത്ത ബസുകള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ഈ ബസുകളും യാത്ര പുറപ്പെടുമ്പോള്‍ പിന്നോട്ടെടുത്ത ശേഷം തിരിഞ്ഞ് പോകണം. ഈ ഭാഗത്ത് കംഫര്‍ട്ട് സ്റ്റേഷനും ഗ്യാരേജിനും ഇടയില്‍ യാത്രക്കാരുടെ വിശ്രമത്തിനായി സൗകര്യമൊരുക്കും. ലൈറ്റുകളും സ്ഥാപിക്കും. ആളൊഴിഞ്ഞ ഇവിടെ രാത്രികാലങ്ങളില്‍ ബസുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന ആക്ഷേപത്തിനും ഇതോടെ പരിഹാരമാകും. ദീര്‍ഘദൂര യാത്രക്കാര്‍ക്കായി സ്റ്റാന്റിന്റെ കിഴക്കുഭാഗത്ത് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന് സമീപം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ഇവിടെ മറ്റ് ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. സ്റ്റാന്റിന്റെ മധ്യഭാഗത്ത് നിന്ന് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അനുവദിക്കില്ല.
സി.ഐക്ക് പുറമെ പ്രിന്‍സിപ്പള്‍ എസ്.ഐ വി.എം. കേഴ്‌സണ്‍, ട്രാഫിക്ക് എസ്.ഐ സോണി മത്തായി, എ.ടി.ഒ വി.എസ്. തിലകന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ അബ്ദുള്‍ഖാദര്‍, പി.വി. സതീഷ്, ജോണി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."