മുരിക്കുംതൊട്ടി- ഉടുമ്പന്‍ചോല റോഡ് തകര്‍ന്നു
രാജാക്കാട്: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും മുരിക്കുംതൊട്ടി- ഉടുമ്പന്‍ചോല റോഡിന് ശാപമോക്ഷമില്ല.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 2009 ലാണ് മുരിക്കുംതൊട്ടിയില്‍ നിന്നു സേനാപതി വഴി ഉടുമ്പന്‍ചോലയിലെത്തിച്ചേരുന്ന 9 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വിഭാഗം ഏറ്റെടുക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടാറിങ് നടത്തിയ റോഡ് നിലവില്‍ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ല. ഈ റോഡിലെ പ്രധാന പാലമായ ഇല്ലിപ്പാലം ചപ്പാത്തും കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. സേനാപതി രാജകുമാരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നത് ഭീഷണിയുയര്‍ത്തുന്നു.
കൈവരികളില്ലാത്ത ഈ പാലത്തിന് വീതി തീരെ കുറവാണ്. മുരിക്കുംതൊട്ടി ഉടുമ്പന്‍ചോല റോഡിന്റെ പുനര്‍നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും തുടര്‍നടപടികള്‍ ഫയലില്‍ ഉറങ്ങുകയാണിപ്പോഴും. ഈ റോഡ് പുനര്‍നിര്‍മിച്ചാല്‍ മുരിക്കുംതൊട്ടിയില്‍ നിന്നു വളരെ വേഗം ഉടുമ്പന്‍ചോലയിലും നെടുങ്കണ്ടത്തും എത്തിച്ചേരാനാകും.
ഹൈറേഞ്ചിലെ അപ്രധാനമായ പല റോഡുകളും വികസിച്ചെങ്കിലും കുടിയേറ്റകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന മുരിക്കുംതൊട്ടി ഉടുമ്പന്‍ചോല റോഡിന് വേണ്ടി ജനപ്രതിനിധികള്‍ ഇതുവരെ ചെറുവിരലനക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."