തെലങ്കാനയിൽ സ്‌കൂളിന് നേരെ സംഘപരിവാർ ആക്രമണം; മദർ തെരേസയുടെ രൂപം തകർത്തു, വൈദികന് മർദ്ദനം, ജയ് ശ്രീറാം വിളിപ്പിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ സ്‌കൂളിന് നേരെ സംഘ്പരിവാർ ആക്രമണം. അക്രമികൾ മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും മലയാളി വൈദികനെ മർദിക്കുകയും ചെയ്തു. മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേയാണ് ആക്രമണമുണ്ടായത്. ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്.
സ്‌കൂൾ യൂണിഫോമിന് പകരം ഏതാനും വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചു വന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മാത്രമാണ് മതപരമായ വസ്ത്രം ധരിച്ചുവന്നത്. ഇത് അധ്യാപകർ ചോദ്യം ചെയ്തിരുന്നു. യൂണിഫോം ധരിക്കാത്തത് മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം.
രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന അക്രമികൾ മദർ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മർദിക്കുകയും ചെയ്തു. സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവൻ അക്രമികൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."