കുവൈത്ത്; ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം
കുവൈത്ത് സിറ്റി:ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. 2024-ലെ ഹജ്ജ് സീസണ്‍ ആസന്നമായ സാഹചര്യത്തില്‍ ഹജ്ജിനും ഉംറയ്ക്കുമുള്ള യാത്രക്കാര്‍ സഊദിയിലെയും കുവൈത്തിലെയും ആരോഗ്യ മന്ത്രാലയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീര്‍ത്ഥാടകര്‍ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകള്‍ ഉപയോഗിച്ച് മെനിഞ്ചൈറ്റിസ്, കോവിഡ് 19 എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതുണ്ട്. കുവൈത്തിൽ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളും സഊദി അധികാരികള്‍ അംഗീകരിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രായമായവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയ അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും എടുക്കണം. ന്യുമോണിയയ്‌ക്കെതിരായ ന്യൂമോകോക്കല്‍ വാക്‌സിന്‍ (ന്യൂമോകോക്കല്‍ 13 വാലന്റ്) നേരത്തേ എടുത്തിട്ടില്ലാത്തവര്‍ ഹജ്ജിന് മുമ്പായി അത് എടുക്കല്‍ നിര്‍ബന്ധമാണ്. ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ സഊദി ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ പാലിക്കണം.
ഓരോ തീര്‍ത്ഥാടകനും സമഗ്രമായ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ വിവരങ്ങള്‍ രാജ്യത്തെ പ്രിവന്റീവ് ഹെല്‍ത്ത് സെന്ററുകള്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. ഈ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിനേഷന്‍ വിവരങ്ങളും ഉള്‍പ്പെടുത്തും. അത് അംഗീകൃത ആരോഗ്യ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് യാത്രാസംഘങ്ങളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ സാംക്രമിക രോഗങ്ങളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍, ലബോറട്ടറി പരീക്ഷകള്‍ക്ക് വിധേയരാകണം.
ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ ഹജ്ജ് യാത്ര തല്‍ക്കാലം മാറ്റിവയ്ക്കണമെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."