സത്യവാങ്മൂലവും ആധാറും; നിരവധി ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിച്ചില്ല
മണ്ണാര്‍ക്കാട്: സത്യവാങ്മൂലത്തിലും, ആധാറിലും കുടുങ്ങി നിരവധി പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിച്ചില്ല. 2016 ഒക്‌ടോബര്‍, നവമ്പര്‍, ഡിസംബര്‍ മാസങ്ങളിലെ വിവിധ ക്ഷേമ പെന്‍ഷനുകളാണ് നിരവധി ഗുണഭോക്താക്കള്‍ക്ക് ലഭിക്കാത്തത്.
കുറഞ്ഞ ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ സത്യവാങ്മൂലമെന്ന ഫോറം വാങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും, ലഭിച്ച വിവരങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചതുമാണ് വിനയായതെന്നാണ് പറയപ്പെടുന്നത്. സത്യവാങ്മുലത്തിന്റെ കാര്യം പകുതിയിലധികം ഗുണഭോക്താക്കളും അറിഞ്ഞിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സത്യവാങ്മൂലം ലഭിച്ചതും അല്ലാത്തതുമായ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അധികൃതര്‍ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തു. ലഭിച്ച ഫോറങ്ങള്‍ അത് പ്രകാരവും, അല്ലാത്തവ പെന്‍ഷന്‍ നേരിട്ട് ലഭിക്കണമെന്നും സൈറ്റില്‍ നല്‍കിയെന്നുമാണ് അറിയുന്നത്. വിവിധ കാരണങ്ങളാല്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവര്‍ ഓരോ ഗ്രാമപഞ്ചായത്തിലും 50 മുതല്‍ 300ഓളം ഗുണഭോക്താക്കള്‍ വരുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ നാളിതുവരെ പെന്‍ഷന്‍ ഐ.ഡിയില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കും ഇപ്രാവശ്യം പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
ഇതോടെ കിടപ്പിലായ പല പെന്‍ഷന്‍ ഗുണഭോക്താക്കളും ആശങ്കയിലാണ്. എന്നാല്‍ നേരിട്ട് പെന്‍ഷന്‍ ലഭിച്ചാല്‍ മതിയെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയവര്‍ക്ക് പ്രദേശത്തെ സഹകരണ ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതാകട്ടെ നോട്ട് നിരോധനത്തില്‍ സഹകരണ ബാങ്കുകളില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് പണമില്ലാത്തത് ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ട് പത്ത് ദിവസത്തോളമായിട്ടും പലഗുണഭോക്താക്കള്‍ക്കും ഇതുവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
ഇതുകാരണം വൃദ്ധരും, വികലാംഗരുമായ നിരവധി പേരാണ് പെന്‍ഷന്‍ അന്വേഷിച്ച് ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ ദിനംപ്രതി കയറിയിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."