പ്ലാന്റേഷനുകളില്‍ മരം മുറിക്കാതായിട്ട് വര്‍ഷങ്ങള്‍; ജനവാസ മേഖലക്ക് ഭീഷണിയായി അടിക്കാടുകള്‍
കോതമംഗലം: കിഴക്കന്‍ മേഖലകളില്‍ വനം വകുപ്പ് പ്ലാന്റേഷനുകളില്‍ മരം മുറിക്കാതായിട്ട് (സെലക്ഷന്‍ കട്ടിങ് )രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഇക്കാരണത്താല്‍ പ്ലാന്റേഷനുകള്‍ പോലും കൊടും വനങ്ങളായി മാറുന്നത് വനമേഖലയോട് അടുത്ത ജനവാസ മേഖലകള്‍ക്ക് കടുത്ത സുരക്ഷിതത്വ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന ആക്ഷേപവും ശക്തമായി.
കിഴക്കന്‍ മേഖലകളിലെ വനപ്രദേശങ്ങളോട് ചേര്‍ന്ന് അധിവസിക്കുന്നവര്‍ക്ക് കാട്ടുമൃഗങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. കാട്ടാനയുടെയും കാട്ടുപന്നി, കാട്ടു പട്ടി (ചെന്നായ) ഉഗ്രവിഷമുള്ള പാമ്പുകള്‍ എന്നിവയാണ് നാട്ടുകാര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത്. കൃഷി നാശവും ആളപായങ്ങളും മേഖലയില്‍ നിത്യസംഭവമായി മാറുന്ന അവസ്ഥയാണ് പലപ്പോഴും. നാട്ടുകാരുടെ പുരയിടങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ ഒടിഞ്ഞും കടപുഴകി വീണും ഒടിഞ്ഞു വീണും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളും ചെറുതല്ല.
കുട്ടമ്പുഴ, പൂയംകുട്ടി, വടാട്ടുപാറ, നേര്യമംഗലം, മുള്ളരിങ്ങാട്, മാമലക്കണ്ടം, ചാത്തമറ്റം പ്രദേശങ്ങളിലാണ് അടിക്കാടുകള്‍ പെരുകി പ്ലാന്റേഷനുകള്‍ കൊടും വനങ്ങളായി മാറിയത്. വനം വകുപ്പ് യഥാസമയങ്ങളില്‍ പ്ലാന്റേഷനുകളില്‍ നിന്ന് മുറിച്ചു നീക്കേണ്ട തേക്ക് കഴകള്‍ ഉള്‍പ്പെടെ മുറിച്ചുനീക്കാത്തതാണ് ഇതിനു കാരണം. മുന്‍ കാലങ്ങളില്‍ 10 കൊല്ലം കൂടുമ്പോള്‍ ഇവിടങ്ങളില്‍ സെലക്ഷന്‍ കട്ടിംഗ് നടക്കാറുണ്ടായിരുന്നു.എന്നാല്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ഇത് നടക്കാറില്ല. സുരക്ഷിതത്വ ഭീഷണിക്ക് പുറമെ നൂറ് കണക്കിന് തൊഴിലവസരങ്ങളും ഇത് മൂലം ഇല്ലാതാകുന്നുണ്ട്.
ഇതിന് പുറമെ കര്‍ശനനിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും മേല്‍പ്രദേങ്ങളില്‍ അരങ്ങേറുന്ന മൃഗവേട്ടയും പ്ലാന്റേഷനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജവാറ്റും, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും നാട്ടുകാരുടെ സുരക്ഷിതത്വത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണ്. ഇടമലയാര്‍ ആനവേട്ട കേസോടെയാണ് വനമേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മൃഗവേട്ടയുടെയും നായാട്ടിന്റെയും വ്യാപ്തി പുറം ലോകം അറിയുന്നത്.
ഇതിന് പുറമെ പ്രദേശത്ത് നാടന്‍ തോക്ക് നിര്‍മ്മാണവും ഉപയോഗവും വ്യാപകമാണെന്നും അധികൃതര്‍ പലപ്പോഴായി വെളിപ്പെടുത്തിയിട്ടണ്ട്. മിക്കവരും വന്യമൃഗങ്ങളില്‍ നിന്നും കൃഷി വിളകള്‍ സംരക്ഷിക്കുന്നതിനും സ്വയരക്ഷക്കും വേണ്ടി എന്ന നിലയിലാണ് തോക്ക് കൈവശം വക്കുന്നത്. ഭൂരിഭാഗവും നാടന്‍ തോക്കുകളാണ് ഉപയോഗിക്കപ്പെടുനത്. കടുത്ത നിയന്ത്രണങ്ങളോടെ സ്വയരക്ഷക്കു വേണ്ടിയും മൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനും അധികൃതര്‍ ശക്തി കുറഞ്ഞ തോക്കുകള്‍ക്ക് പരിമിതമായി ലൈസന്‍സ് നല്‍കാറുണ്ടെങ്കിലും അംഗീകൃത തോക്കുകളല്ല മേഖലയില്‍ ഉപയോഗിക്കപ്പെടുന്നതില്‍ അധികവും.
ഇക്കാര്യത്തില്‍ അധികൃതര്‍ ഗൗരവത്തോടെയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും നടത്താറുണ്ടെങ്കിലും കാര്യമായ പുരോഗതികള്‍ ഉണ്ടാകാറില്ല. അനധികൃത തോക്ക് നിര്‍മ്മാണ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ മിക്കവര്‍ക്കും അറിയാമെങ്കിലും തെളിവുകളോടെ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്‌നം.
യഥാസമയം പ്ലാന്റേഷനുകളില്‍ മരം മുറി നടന്നാല്‍ അടിക്കാടുകള്‍ പെരുകിയതു മൂലം ഉണ്ടാകുന്ന മൃഗങ്ങളുടെ ശല്യത്തിന് വലിയ തോതില്‍ തടയിടാനാകും.
ജനവാസ മേഖലയോട് ചേര്‍ന്നുള്ള പ്ലാന്റേഷനുകളിലെ അടിക്കാടുകള്‍ പെരുകിയതാണ് കാട്ടാനകള്‍ വ്യാപകമായി ജനവാസ മേഖലയില്‍ കടന്നു കയറാന്‍ ഇടയാക്കുന്നതെന്ന് വനം വകുപ്പുകാര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ വനം വകുപ്പ് തുടരുന്ന അനാസ്ഥ ഒഴിവാക്കണമെന്ന ആവശ്യത്തിന് പ്രസക്തി ഏറിയിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."