സി.പി.എമ്മില്‍ വീണ്ടും വിവാദങ്ങള്‍ തലപ്പൊക്കുന്നു
ആലപ്പുഴ : സി.പി.എമ്മില്‍ വീണ്ടും വിവാദങ്ങള്‍ തലപ്പൊക്കുന്നു . അമ്പലപ്പുഴയില്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്നില്‍ ജനപ്രതിനിധികളെ ഇരുത്തി പ്രോട്ടോക്കാള്‍ അതിരുവിട്ടതിന് പുറമെ പാതിരപളളിയില്‍ കൂത്ത്പറമ്പ് രക്ഷസാക്ഷി സ്മാരക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയും ചേരിപോര് രൂക്ഷം.
ജില്ലയിലെ ഐസക്ക് പക്ഷത്തെ പ്രമുഖനായ ജനപ്രതിനിധിയാണ് സ്വകാര്യ സ്‌കൂളിനുവേണ്ടി കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു നീക്കാന്‍ അനുമതി നല്‍കിയത്. കാത്തിരുപ്പ് കേന്ദ്രം പൊളിച്ചടുക്കിയതോടെ ഡി.വൈ.എഫ്.ഐ നേതൃത്വം നേതാവിനെതിരെ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് പരാതിയും നല്‍കി. വി എസ്സിനെ വീണ്ടും തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ അമ്പലപ്പുഴ മേഖലയില്‍ വി എസ് അനുകൂലികള്‍ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം സി പി എമ്മില്‍ വീണ്ടും വിവാദങ്ങള്‍ ഉടലെടുക്കുകയാണ്.
ദേശീയപാതയില്‍ പാതിരപ്പള്ളി ബസ്സ് സ്റ്റോപ്പില്‍ പത്തുവര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐ മേഖലാകമ്മറ്റി നിര്‍മ്മിച്ച വെയ്റ്റിംങ് ഷെഡാണ് കഴിഞ്ഞദിവസം പൊളിച്ചത്. പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിനുവേണ്ടിയാണ് സ്മാരകം പൊളിക്കാനായി ജനപ്രതിനിധിയായ സി.പി.എം നേതാവ് അനുമതി നല്‍കിയത്. ഒപ്പംതന്നെ ഇവിടെ ഈ സ്ഥാപനത്തിന്റെപേരില്‍ ബസ്സ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കാന്‍ പാര്‍ട്ടി അംഗമായ ഒരാള്‍ക്ക് നിര്‍ദേശവും നല്‍കി.പൊളിച്ചടുക്കിയ സ്മാരകത്തിന്റെ ഷീറ്റും ഇരുമ്പുപൈപ്പുകളും പാതിരപ്പള്ളിയിലെ ലോക്കല്‍ കമ്മറ്റി ഓഫീസ് വളപ്പില്‍ നിക്ഷേപിക്കുകയും ചെയ്തു. കാത്തിരിപ്പുകേന്ദ്രം പൊളിച്ചതറിഞ്ഞ് എത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളായ കണ്ണന്‍,അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകരെത്തി സ്വകാര്യ സ്ഥാപനം കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയ ആളെക്കൊണ്ടുതന്നെ രക്തസാക്ഷി സ്മാരകം പുതുക്കി പണിയിപ്പിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ ഏരിയ , ജില്ലാ കമ്മിറ്റികള്‍ക്ക് പരാതി നല്‍കി.
ഇതിനിടെ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സി പി എമ്മിനെ കനത്ത വിവാദത്തിലാക്കി. വേദിയില്‍ പ്രോട്ടോക്കാള്‍ അതിരുവിട്ടതാണ് പുതിയ വിവാദത്തിന് ഇടനല്‍കിയത്. കടുത്ത സുധാകര വിരോധികളായ കായംകുളം എം എല്‍ എ പ്രതിഭാ ഹരിയും ആരൂര്‍ എം എല്‍ എ അഡ്വ. എ എം ആരിഫുമാണ് വേദിയില്‍ പിന്നോക്കം പോയത്. പിന്നീട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഇരുവരും മുന്‍സീറ്റില്‍ ഇരിക്കാന്‍ തയ്യാറാകാതെ സുധാകരനോടുളള പ്രതിഷേധം അറിയിച്ചു.
മന്ത്രി ജി സുധാകരന്റെ നീക്കങ്ങളാണ് പ്രോട്ടോക്കാള്‍ ലംഘനത്തിന് കാരണമായതെന്ന് ഇരുവരും പരോക്ഷമായി അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. വേദിയിലെ പിന്‍സീറ്റിലേക്ക് തളളപ്പെട്ട എംഎല്‍ എമാര്‍ മന്ത്രി ജി സുധാകരന്റെ കണ്ണിലെ കരടാണെന്നുളളതും ഒപ്പം വായിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."