കനോലി കനാലിനുമുകളിലെ പാലങ്ങള്‍ തകരുന്നു; ജനം ദുരിതത്തില്‍
അണ്ടത്തോട്: കനോലികനാലിന്റെ മുകളിലെ പാലങ്ങള്‍ തകര്‍ന്നതോടെ പഞ്ചായത്തിലെ തീരദേശ മേഖലയിലെ ജനം ദുരിതത്തില്‍. പടിഞ്ഞാറന്‍ മേഖലക്കാര്‍ ഏറെ ആശ്രയിക്കുന്ന പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തങ്ങള്‍പടി കെട്ടുങ്ങല്‍ നടപാലമുള്‍പടെ കനോലികനാലിനു മുകളിലെ നാലോളം മരപാലങ്ങളാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. തങ്ങള്‍പടി കെട്ടുങ്ങല്‍, ആനപ്പടി, പുതിയിരുത്തി മുളമുക്ക് പൂകൈത എന്നിവിടങ്ങളില്‍ നാട്ടുകാരുടെ ശ്രമഫലമായി നിര്‍മിച്ച പാലങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിലും കാലപ്പഴക്കത്തിലും കാല്‍നട യാത്രക്ക്‌പോലും കഴിയാത്ത നിലയിലാണ്.
തീരദേശത്തെ ജനങ്ങള്‍ പഞ്ചായത്ത് വില്ലേജ് ഇലക്ട്രിസിറ്റി ഓഫിസുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍ ഹൈസ്‌കൂളുകളിലേക്കും എത്തിചേരാന്‍ വേണ്ടി കനാലിന് മുകളിലൂടെയുള്ള ഈ പാലങ്ങളെയാണ് ആശ്രയിക്കുന്നത്.
ആനപ്പടിയിലെ പാലം ജനങ്ങളും പഞ്ചായത്തും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് പുനര്‍നിര്‍മിച്ചെങ്കിലും സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുകയായിരുന്നു. പാലത്തിനടിയിലെ മരത്തടികള്‍ ഇളക്കിമാറ്റുകയും കൈ വരികള്‍നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുകളിലൂടെ നടന്നാല്‍ കനാലില്‍ വീഴുമെന്നുറപ്പാണ്. മുളമുക്കില്‍ നാട്ടുകാര്‍ പിരിവെടുത്തുണ്ടാക്കിയ പാലമാണ് തകര്‍ന്നത്. മരത്തടികള്‍ അടര്‍ന്നു മാറിയതിനാല്‍ അപകടമൊഴിവാക്കാന്‍ നാട്ടുകാര്‍ താല്‍കാലികമായി പാലം അടച്ചിട്ടിരിക്കുകയാണ്. പൂകൈത കടവിലെ പാലം പരിസരവാസികള്‍ ഉപയാഗപ്രദമാക്കിയെങ്കിലും അപകടനിലയിലാണുള്ളത്. താല്‍കാലികപാലങ്ങള്‍ അപകടത്തിലായതോടെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്ക് കിഴക്കന്‍ മേഖലയില്‍ ആവിശ്യസ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലവും ഏത് സമയവും നിലം പൊത്താവുന്ന തരത്തിലാണ്. ഇവിടുത്തെ ഏക ആശ്രയമായ നടപ്പാലംകൂടി തകര്‍ന്നതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."