ആദിവാസികളുടെ വനാവകാശം സംരക്ഷിക്കാന്‍ അനിശ്ചിതകാല നില്‍പ് സമരം
തൊടുപുഴ: കേന്ദ്രവനാവകാശ നിയമം നടപ്പാക്കി കിട്ടാനും ആദിവാസി ഊര് ഭൂമിയിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഫെബ്രുവരി 13 മുതല്‍ ഇടുക്കി കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ് സമരം നടത്താന്‍ ആദിവാസി ഗോത്രമഹാസഭ പ്രസീഡിയം തീരുമാനിച്ചതായി എം. ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രവനാവകാശ നിയമമനുസരിച്ച് വ്യക്തിഗത വനാവകാശം, സാമൂഹിക വനാവകാശം എന്നീ രണ്ട് അവകാശങ്ങളും അംഗീകരിക്കുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. വ്യക്തിഗതവനാവകാശം നല്‍കുന്ന നടപടി ഭാഗികമായി മാത്രമെ ജില്ലയില്‍ നടപ്പാക്കിയിട്ടുള്ളു. സാമൂഹിക വനാവകാശ മേഖലകള്‍ നിര്‍ണ്ണയിക്കുന്ന നടപടി ആരംഭിച്ചിട്ടില്ല. അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് ആദിവാസി സെറ്റില്‍മെന്റില്‍ ആദിവാസി കുടിലുകള്‍ കത്തിക്കുകയും, സ്ത്രീകളെ ദ്രോഹിക്കുകയും, വീടുകള്‍ തകര്‍ക്കുകയും ചെയ്തതിന്റെ പേരില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് നടക്കുന്നില്ല. നിയമവാഴ്ച ദുര്‍ബ്ബലപ്പെട്ടതിനാല്‍ ആദിവാസികള്‍ക്കെതിരെ പരസ്യമായി സംഘടിക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുകയാണ്. പടിക്കപ്പില്‍ നിരോധനാജ്ഞ നടപ്പാക്കാന്‍ പോലീസ് മുതിര്‍ന്നത് ഇതിനാലാണ്.
പടിക്കപ്പ് സെറ്റില്‍മെന്റില്‍ മാത്രം 62 ഓളം ആദിവാസികളല്ലാത്തവര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഭൂരഹിതരായ ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി കണ്ടെത്താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുക, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടകപദ്ധതി ഫണ്ട് അഴിമതി രഹിതമായി നടപ്പാക്കുക, എസ്.സിഎസ്.റ്റി അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉയര്‍ത്തുന്നുണ്ടെന്ന് ഗീതാനന്ദന്‍ പറഞ്ഞു. പി.ജി. ജനാര്‍ദ്ദനന്‍, കുഞ്ഞമ്മ എളമ്പാശ്ശേരി, സി.എസ്. ജിയേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."