ഹിന്ദുത്വ ഫാസിസത്തെ പിടിച്ചുകെട്ടാനുള്ള ഊര്‍ജ്ജമാണ് രോഹിത് വെമുലയെന്ന്
കോട്ടയം: ജാതി വിവേചനവും അതിക്രമങ്ങളും നടത്തി അരങ്ങുവാഴുന്ന ഹിന്ദുത്വ ഫാസിസത്തെ പിടിച്ചു കെട്ടാനുള്ള ഊര്‍ജ്ജമാണ് രോഹിത് വെമുലയുടെ ആത്മസമര്‍പ്പണത്തിലൂടെ അടിസ്ഥാന ജനതയ്ക്കു സമ്മാനിക്കുന്നതെന്നു എഴുത്തുകാരനും ദലിത് ചിന്തകനുമായ സണ്ണി എം. കപിക്കാട്.
രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ രോഹിത് വെമുല ആത്മസമര്‍പ്പണത്തിന്റെ ഓര്‍മദിനം എന്ന പേരില്‍ എസ്.ഡി.പി.ഐ കോട്ടയത്തു സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹം ജാതി വിവേചനത്തിന്റെ കേന്ദ്രമാണെന്ന ചരിത്ര സാക്ഷ്യമാണ് വെമുല മുന്നോട്ടുവയ്ക്കുന്നത്. ഫാസിസത്തെ പിടിച്ചുകെട്ടാതെ ജനാധിപത്യത്തിന് പ്രസക്തിയില്ല. വ്യാജ ചരിത്ര നിര്‍മിതിയിലൂടെ രാജ്യത്തിന്റെ ശത്രുവും ശാപവും മുസ്‌ലിംകളാണെന്നു വരുത്താനും മുസ്‌ലിംകളെ അപരവല്‍ക്കരിച്ച് ശത്രുപക്ഷത്തു നിര്‍ത്തി ദലിതുകളും ആദിവാസികളും ഉള്‍പ്പെടുന്ന അടിസ്ഥാനജനതയെ കൂടെ നിര്‍ത്തി ജാതിവ്യവസ്ഥയും ബ്രാഹ്മണാധിപത്യവും സ്ഥാപിച്ചെടുക്കാനാണ് ഹിന്ദുത്വര്‍ ശ്രമിക്കുന്നത്.
സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷനായിരുന്നു. സി.ഡി.എന്‍ സെക്രട്ടറി ലൂക്കോസ് നീലംപേരൂര്‍ സെക്രട്ടറി റോയി അറയ്ക്കല്‍,കവിയും തിരക്കഥാകൃത്തുമായ ഇഞ്ചക്കാട് ബാലചന്ദ്രന്‍ കോട്ടയം ജില്ലാ ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍, പ്രവാസി ഫോറം സംസ്ഥാന വൈ. പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, ഒര്‍ണ കൃഷ്ണന്‍ കുട്ടി, ജോണ്‍സണ്‍ നെല്ലിക്കുന്ന്, കരകുളം സത്യകുമാര്‍, അനുരാജ് തിരുമേനി സംസാരിച്ചു. കലാവിരുന്നും വേദിയില്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."