സി.കെ ജാനു സംഘപരിവാറിന്റെ പെയ്ഡ് ആക്ടിവിസ്റ്റായി മാറി: ഗീതാനന്ദന്‍
തൊടുപുഴ: സി.കെ ജാനു സംഘപരിവാറിന്റെ പെയ്ഡ് ആക്ടിവിസ്റ്റായി മാറിയെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം. ഗീതാനന്ദന്‍. സംഘപരിവാറിന്റെ ചട്ടുകമായി മാറിയ ജാനു ആദിവാസി എന്ന പേരു പോലും പറയാന്‍ മടിക്കുന്നു. മുത്തങ്ങാ സമരത്തില്‍ പൊലിസ് മര്‍ദനമേറ്റ് ജീവച്ഛവങ്ങളായി കഴിയുന്ന ആദിവാസി സഹപ്രവര്‍ത്തകരെ ജാനു തിരിഞ്ഞു നോക്കുന്നില്ലെന്ന് ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജാനുവിനൊപ്പം ദലിതര്‍ക്കു വേണ്ടി പതിറ്റാണ്ടിലേറെ പോരാട്ടം നടത്തിയയാളാണ് താന്‍. അപ്പോഴൊന്നും തന്റെ ജാതിയെന്തെന്ന് ജാനു അന്വേഷിച്ചിട്ടില്ല. ബി.ജെ.പിക്കൊപ്പം കൂടിയ ശേഷം തന്റെ ജാതി വിവാദമാക്കാനാണ് ജാനുവിന്റെ ശ്രമം. അടിമാലി പടിക്കപ്പിലും മറ്റും വനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളുടെ പോരാട്ടം കണ്ടില്ലെന്ന് നടിച്ച ജാനു, ഗവിയിലടക്കം ബി.ജെ.പിക്കു വേണ്ടി നടത്തിയത് ആദിവാസികളല്ലാത്തവര്‍ക്കു വേണ്ടിയുളള സമരമാണ്. നിയമവാഴ്ച ദുര്‍ബ്ബലപ്പെട്ടതിനാല്‍ ആദിവാസികള്‍ക്കെതിരെ പരസ്യമായി സംഘടിക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുകയാണ്.
ഭൂരഹിതരായ ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി കണ്ടെത്താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുക, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടകപദ്ധതി ഫണ്ട് അഴിമതി രഹിതമായി നടപ്പാക്കുക, എസ്.സിഎസ്.റ്റി അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉയര്‍ത്തുന്നുണ്ടെന്ന് ഗീതാനന്ദന്‍ പറഞ്ഞു. കേന്ദ്രവനാവകാശ നിയമം നടപ്പാക്കി കിട്ടാനും ആദിവാസി ഊര്ഭൂമിയിലുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഫെബ്രുവരി 13 മുതല്‍ ഇടുക്കി കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ് സമരം നടത്താന്‍ ആദിവാസി ഗോത്രമഹാസഭ പ്രസീഡിയം തീരുമാനിച്ചതായി ഗീതാനന്ദന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."