പാകിസ്താന്‍ ഭീകരവാദത്തില്‍ നിന്ന് അകലം പാലിക്കണം: മോദി
ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകരവാദത്തില്‍ നിന്നും അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്‌ക്കൊപ്പം നടക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്താന്‍ ഭീകരവാദത്തിന്റെ പാതയില്‍ നിന്നു മാറി സഞ്ചരിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് തനിച്ച് സമാധാനത്തിന്റെ വഴിയേ സഞ്ചരിക്കാനാവില്ല.
പാകിസ്താന്റെ യാത്ര കൂടി ഒപ്പം ഉറപ്പു വരുത്തേണ്ടതുണ്ട്. റെയ്‌സിന സംഭാഷണത്തിന്റെ രണ്ടാം എഡിഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി പാകിസ്താനോട് ഭീകരവാദത്തില്‍ നിന്നും പിന്‍വലിയണമെന്ന് ആവശ്യപ്പെട്ടത്.
2016 സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മിരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ 19 സൈനികരെയാണ് നഷ്ടപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ പാകിസ്താനില്‍ വെച്ചു നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. സംഭവത്തില്‍ ഇന്ത്യയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് പല രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും തുടര്‍ന്ന് ഉച്ചകോടി തന്നെ മാറ്റിവയ്ക്കുകയുമായിരുന്നു.
രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ മേഖലയാണ് ന്യൂഡല്‍ഹിയിലെ റെയ്‌സിന കുന്ന്.
ഇവിടെ എല്ലാവര്‍ഷവും നടക്കുന്ന വാര്‍ഷിക സമ്മേളനമാണ് റെയ്‌സിന ഡയലോഗ്. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളാണ് സമ്മേളനത്തില്‍ വിഷയമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."