അച്ഛന്റെ ചിതയണഞ്ഞില്ല; സുകന്യയ്ക്കിത് 'കണ്ണീരൊപ്പന'
കണ്ണൂര്‍: മനമില്‍ ശറഫേറിടും റാണി...മഹിമ പരന്തിടും പൂവി...മൈലാഞ്ചിപ്പാട്ടിന്റെ ഈണത്തിനൊപ്പം തോഴിമാര്‍ കൈകൊട്ടിപ്പാടിയപ്പോള്‍ കത്തിയെരിയുന്ന അച്ഛന്റെ ചിതയായിരുന്നു മാവേലിക്കര സ്വദേശി സുകന്യയുടെ മനസുനിറയേ.
ഒന്നാം വേദിയായ നിളയില്‍ ഒപ്പനത്താളത്തിനൊപ്പം സദസും താഞ്ചത്തിലാടിയപ്പോള്‍ ചുവടു പിഴക്കാതിരിക്കാന്‍ സുകന്യ നന്നേ പാടുപെട്ടു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനമത്സരത്തില്‍ മൂന്നാമതാണ് സുകന്യയും കൂട്ടുകാരും വേദിയിലെത്തിയത്. അവസാന നിമിഷവും താളംതെറ്റാതെ കൈകൊട്ടിക്കയറിയ സുകന്യ മത്സരശേഷം സ്റ്റേജിനു പിറകില്‍ ഓടിയെത്തി പൊട്ടിക്കരഞ്ഞു.
നിര്‍ധനകടുംബത്തില്‍പെട്ട സുകന്യയുടെ അച്ഛന്‍ സുഭാഷ് മാവേിലക്കര അങ്ങാടിയില്‍ ചുമടെടുക്കുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമാണ് രക്തം ചര്‍ദിച്ച് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംസ്‌കാരം.
ശനിയാഴ്ച രാവിലെ ഒപ്പന പരിശീലനത്തിനു പോകും മുന്‍പേ അവസാനമായി അച്ചന്‍ പറഞ്ഞത് ഇത്രമാത്രം... ഒപ്പന പൊടിപൊടിക്കണം..കളിച്ച് ഒന്നാമതെത്തണം. പറഞ്ഞുമുഴുമിപ്പിക്കും മുന്‍പേ സുകന്യയുടെ കണ്ണില്‍ കണ്ണീര്‍ച്ചാല്‍.
മാവേലിക്കരയില്‍ നിന്ന് ബിഷപ് ഹേഡ്ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒപ്പനടീം വണ്ടി കയറുമ്പോള്‍ നിറഞ്ഞ കണ്ണും കലങ്ങിയ മനസ്സുമായി സുകന്യയും കയറി. തന്റെ അരങ്ങേറ്റം കാത്തിരുന്ന അച്ഛനുവേണ്ടി മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."