സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച പുതിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ നിയമാനുസൃതമായ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റാന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനദ്രേഹപരമാണെന്നും നവംബര്‍ എട്ടിലെ വിവാദമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പെന്‍ഷന്‍മാത്രം ആശ്രയിച്ചു ജീവിക്കുന്നവരെയാണ് തീരുമാനം ദോഷകരമായി ബാധിക്കുന്നത്. അംശാദായം അടച്ച് കൈപ്പറ്റുന്ന ഇ.പി.എഫ്, വിധവാ, വികലാംഗ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ നിഷേധിക്കപ്പെടുകയാണ്. എന്നാല്‍ എം.എല്‍.എ, എം.പി പെന്‍ഷനുകള്‍ തുടങ്ങി ഒന്നില്‍ക്കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ഉന്നതര്‍ക്ക് ഈ നിയമം ബാധകമല്ല. അതുപോലെ പി.എസ്.സി അംഗങ്ങളായിരുന്നവര്‍ക്കും രാഷ്ട്രീയ നിയമനം ലഭിച്ചവര്‍ക്കും തുടങ്ങി ഒന്നില്‍ക്കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയൊക്കെ ഒഴിവാക്കി പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നു പ്രേമചന്ദ്രന്‍ പറഞ്ഞു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കശുവണ്ടിതൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ തുടങ്ങി ക്ഷേമപദ്ധതികളും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയും ഒന്നായി കാണുന്ന സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാന്‍ കഴിയില്ല. ശാസ്ത്രീയ പഠനമില്ലാതെ കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയിലൂടെയാണ് തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് പ്രതിഷേധത്തെ തുടര്‍ന്നു ഇത്തരം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ധനമന്ത്രിക്കു നിവേദനം നല്‍കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."