മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്പിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. വ്യാപകമായ അക്രമവും കൊലപാതകവും നടക്കുമ്പോഴും പൊലിസ് നോക്കുകുത്തിയാകുന്നു. 32 വകുപ്പുകളാണ് പിണറായി കൈകാര്യം ചെയ്യുന്നത്. ഇത്രയും വകുപ്പുകള്‍ എങ്ങനെ ഒരു മുഖ്യമന്ത്രിക്കു നിയന്ത്രിക്കാന്‍ കഴിയുമെന്നു എറണാകുളം ഡി.സി.സി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
കണ്ണൂരില്‍ ക്രൂരമായ അക്രമങ്ങളാണ് നടക്കുന്നത്. നാലു ദിവസത്തിനിടെ 15 പേരെ കണ്ണൂരില്‍ വെട്ടിവീഴ്ത്തി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അക്രമം തടയേണ്ട പൊലിസ് അക്രമികള്‍ക്ക് സഹായം ചെയ്യുന്നു. ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവമാണ് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കേരളത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്നപാര്‍ട്ടിയും ചേര്‍ന്നാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയ അക്രമങ്ങളുടെ കാര്യത്തില്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികളാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, ഹൈബി ഈഡന് എം.എല്‍.എ, ജി.സി.ഡി.എ മുന്‍ ചെയര്മാന് എന്‍. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."