ശ്രീകാര്യത്തെ മാവേലി ന്യായവില ഹോട്ടല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കഠിനംകളം:കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഏക മാവേലി ന്യായ വില ഹോട്ടല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍.സപ്ലൈകോയുടെ സബ്‌സിഡി കിട്ടാത്തതും സാമ്പത്തിക പ്രതിസന്ധിയുമാണ് ശ്രീകാര്യത്തെ മാവേലി ഹോട്ടലിനെ പ്രതിസന്ധിയിലാക്കിയത്.
ഊണിന് 25 രൂപ മാത്രമായി സംസ്ഥാനത്ത് തുടങ്ങിയ 97 മാവേലി ഹോട്ടലുകളില്‍ ഇപ്പോഴുംനിലനില്‍ക്കുന്നത് ശ്രീകാര്യത്തേത് മാത്രമാണ്.
ഭക്ഷ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുക, കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് ന്യായവില ഹോട്ടലുകള്‍ തുടങ്ങിയത്. സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ഒരു ന്യായവില മാവേലി ഹോട്ടല്‍ എന്നതായിരുന്നു ലക്ഷ്യം.
സിവില്‍ സപ്ലൈസിന്റെ ഔട്ട് ലെറ്റില്‍ നിന്നും അരിയും പലവ്യജ്ഞനങ്ങളും സബ്‌സിഡി നിരക്കില്‍ നല്‍കി സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച് വിവിധയിടങ്ങളിലായി 97 മാവേലി ന്യായവില ഹോട്ടലുകള്‍ തുടങ്ങുകയും ചെയ്തു.
2011 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കരാര്‍ ലംഘിച്ച് ഇത്തരം ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. ഇതോടെ ഹോട്ടലുകള്‍ നടത്തികൊണ്ട് പോകാന്‍ കഴിയാതെ കരാറുകാര്‍ പ്രതിസന്ധിയിലായി. അങ്ങനെ ഹോട്ടലുകള്‍ ഒന്നൊന്നായി പൂട്ടി.
പ്രതിസന്ധികളെ തരണം ചെയ്ത് ശ്രീകാര്യത്തെ മാവേലി ഹോട്ടല്‍ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചു. മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ നടത്തിപ്പുകാരന്‍ ബാബു ഹോട്ടല്‍ പൂട്ടാതെ പുറത്തു നിന്നും സാധനങ്ങള്‍ വാങ്ങി നടത്തിവരികയായിരുന്നു. 2011ല്‍ അന്നത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായ അന്തരിച്ച ടി.എം. ജേക്കബിനും, അതിന് ശേഷം വന്ന മന്ത്രി അനൂപ് ജേക്കബിനും പരാതികള്‍ നല്‍കിയിരുന്നു. പദ്ധതിയിന്മേലുള്ള കരാര്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ബാബു പറയുന്നു.
സര്‍ക്കാര്‍ സഹായമില്ലെങ്കിലും ഇപ്പോഴും ബാബുവിന്റെ ഹോട്ടലില്‍ ഊണിന് 25 രൂപ മാത്രമാണ്. പലഹാരങ്ങള്‍ക്കും ചായയ്ക്കും അഞ്ചു രൂപയും.സമീപത്തെ ഹോട്ടലുകളിലാകട്ടെ 45 മുതല്‍ 60 രൂപ വരെയാണ് ഊണിന് ഈടാക്കുന്നത്. ദിവസവും 350 ഓളം ഊണുകള്‍ വിറ്റുപോകാറുണ്ടെന്ന് ബാബു പറയുന്നു.
ബാബുവും വയോധികയായ അമ്മയും സഹോദരന്‍ സതിയും ഇവരുടെ ഭാര്യമാരുമാണ് ഹോട്ടലിലെ പാചകക്കാരും ജോലിക്കാരും. ഹോട്ടല്‍ ഇനിയും നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണം. മാവേലി ന്യായവില ഹോട്ടലുകളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനായാല്‍ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസവുമാകും. ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിനു തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ബാബുവും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."