വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണം: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം
കൊച്ചി: വിദ്യാര്‍ഥി സമരങ്ങളെ തുടര്‍ന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആഭ്യന്തര വകുപ്പു സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അക്രമസംഭവങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍, ചുമത്തിയ കുറ്റങ്ങള്‍, അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ തുടങ്ങിയവ സത്യവാങ്മൂലത്തില്‍ വിശദമായി രേഖപ്പെടുത്തണമെന്നും ഇത്തരം അക്രമ സംഭവങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്തെ ലോ അക്കാദമി, മറ്റക്കര ടോംസ് കോളജ്, കുറ്റിപ്പുറത്തെ കെ.എം.സി.ടി പോളിടെക്‌നിക്ക് എന്നിവയ്ക്ക് പൊലിസ് സംരക്ഷണം നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് കുറ്റിപ്പുറത്തെ കെ.എം.സി.ടി പോളിടെക്‌നിക്ക് കോളജ് നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരത്തിന്റെ പശ്ചാത്തലത്തിലാണു കോളജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഇതേ കോളജിനു പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ച്ചയായി പൊലിസ് സംരക്ഷണം നല്‍കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണു ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് സത്യവാങ്മൂലം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."