ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണ് നിരവധി മരണം
റോം: മധ്യ ഇറ്റലിയില്‍ ഹോട്ടലിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണ് 30 പേരെ കാണാതായി. മേഖലയില്‍ അനുഭവപ്പെട്ട ഭൂമികുലുക്കമാണ് മഞ്ഞുമല ഇടിഞ്ഞുവീഴാന്‍ കാരണമായത്. അബ്രുസ്സോ മേഖലയിലെ ഗ്രാന്‍ സോസ്സോ മലനിരകള്‍ക്ക് സമീപത്തുള്ള സ്പാ സൗകര്യമുള്ള ചതുര്‍നക്ഷത്ര ഹോട്ടലാണ് അപകടത്തിന് ഇരയായത്. ഹോട്ടല്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 20 വിനോദസഞ്ചാരികളും ഏഴ് ഹോട്ടല്‍ ജീവനക്കാരും അപകടത്തില്‍ അകപ്പെട്ടവരില്‍ ഉള്‍പ്പെടും.
ബുധനാഴ്ച് ഈ മേഖലയില്‍ നാലു ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. മഞ്ഞുമലക്കിടയില്‍ നടത്തിയ തിരച്ചലില്‍ ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. രണ്ടു പേരെ ജീവനോടെ കണ്ടെത്താനായിട്ടുണ്ടെങ്കിലും കാണാതായവരില്‍ ബഹുഭൂരിപക്ഷവും മരിച്ചിരിക്കാമെന്നാണ് അനുമാനിക്കുന്നത്.
കൊടുങ്കാറ്റ് അനുഭവപ്പെട്ടത് ഇവിടെ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം തടസ്സപ്പെടാന്‍ ഇടയാക്കിയിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറച്ചു. സമീപ പ്രദേശമായ ഫാരിന്‍ഡോളയിലെ താമസക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തിയത്.
വ്യാഴാഴ്ച രാവിലെ 9.30നാണ് അപകടത്തില്‍പ്പെട്ടവരില്‍ ഒരാളുടെ മരവിച്ച ശരീരം മഞ്ഞുമലക്കടിയില്‍നിന്നു വലിച്ചെടുത്തതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളും ദുരന്തത്തില്‍ പെട്ടു. ഹോട്ടലില്‍ ബാക്കിയായവരില്‍ ചിലര്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇതാണ് രക്ഷാപ്രവര്‍ത്തകരെ ഇവിടെയെത്താന്‍ കാരണമാക്കിയത്.
റോഡുകളെല്ലാം മഞ്ഞില്‍ മൂടിപ്പോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനും പ്രയാസം അനുഭവപ്പെട്ടു. ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തിയത്.
കാറില്‍ നിന്നു ചില സാധനങ്ങള്‍ എടുക്കാന്‍ പോയതിനാലാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് ജിയാപിയേറോ പരെറ്റെ വ്യക്തമാക്കി. കാര്‍ പൂര്‍ണമായും മഞ്ഞില്‍ അകപ്പെട്ടെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."