മൈലാഞ്ചിക്കല്യാണം
ബീവി ഖദീജാക്ക് കുളിരാകും ദിനമാണ്...കൂത്തും ആട്ടവും നൃത്തവും അരങ്ങുതകര്‍ക്കുന്ന സംസ്ഥാന കലോത്സവത്തി ന് ഇന്ന് മൈലാഞ്ചി മൊഞ്ച്. തേനൂറും ഇശലിനൊത്ത് മൊഞ്ചത്തിമാര്‍ കൈകൊട്ടി പാടിയപ്പോള്‍ അറക്കല്‍ ബീവിയുടെ നാട്ടുകാര്‍ക്ക് അതൃപ്പക്കല്യാണം. ഒന്നാം സ്ഥാനത്തോടെ വിവിധ ജില്ലകളില്‍ നിന്നെത്തിയ 14 ടീമുകള്‍ക്കു പുറമേ അപ്പീലുകാരും എത്തിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന ടീമുകളുടെ എണ്ണം 40കടന്നു. മലബാറിന്റെ തനത് കലയായ ഒപ്പനപ്പാട്ടിനൊപ്പം കൈകൊട്ടിപ്പാടാന്‍ പതിനായിരങ്ങളാണ് ഒന്നാം വേദിയായ നിളയിലേക്ക് ഒഴുകിയെത്തിയത്. ഒപ്പന കാണാന്‍ കണ്ണൂരിലെ കലാഹൃദയങ്ങള്‍ രാവിലെ മുതല്‍ തന്നെ കുടുംബ സമേതം നിളയുടെ കൂറ്റന്‍ പന്തലിലെത്തിയിരുന്നു. രാവിലെ ഒന്‍പതിനു ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മത്സരം അര മണിക്കൂര്‍ വൈകി 9.30നാണ് തുടങ്ങിയത്.
വഴിനീളം തുടങ്ങി വിരുത്തം കഴിഞ്ഞ് ചായ ലും ചായല്‍മുറുക്കവും ഒപ്പനച്ചായലുമായപ്പോള്‍ കണ്ണൂരിന്റെ കലാഹൃദയം കല്യാണ രാവിന്റെ പ്രതീതിയിലായി. വേദി ഒന്നിലെ ഒപ്പന മത്സരത്തിനു പുറമേ മലബാറിലെ ആയോധന കലയായ കോല്‍ക്കളിയും ദഫ്മുട്ടും നഗരിക്ക് ഉത്സവച്ഛായ പകര്‍ന്നു. ഹര്‍ത്താല്‍ ദിനമായ ഇന്നലെ പുറത്തിറങ്ങാന്‍ മടിച്ച പലരും കൂട്ടമായി ഒഴുകിയെത്തിയതോടെ കണ്ണൂരി ന് അക്ഷരാര്‍ഥത്തില്‍ കലോത്സവത്തിന്റെ അഞ്ചാം നാള്‍ ആഘോഷനാളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."