മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നതായി പരാതി
കായംകുളം: കരീലകുളങ്ങര മത്സ്യമാര്‍ക്കറ്റില്‍നിന്നും രാത്രികാലങ്ങളില്‍ മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നു.
കരീലകുളങ്ങരയിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു രൂപ വിലവരുന്ന മത്സ്യങ്ങളും അവ സൂക്ഷിക്കുന്ന പെട്ടികളുമാണ് കഴിഞ്ഞ കുറെ നാളുകളായി വ്യാപകമായി മോഷണം പോകുന്നത്.
ഒന്നര മാസം മുമ്പ് എഴുന്നൂറ് രൂപയോളം വിലവരുന്ന 60 പെട്ടികള്‍ മോഷണം പോയിരുന്നു. മത്സ്യ വ്യാപാരികള്‍ കരീലകുളങ്ങര പോലീസില്‍ പരാതി നല്‍കിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. പിന്നീടും പല ദിവസങ്ങളിലും ചെറിയ തോതില്‍ പെട്ടിമോഷണം നടന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മത്സ്യക്കച്ചവടക്കാരായ ഹസന്‍കുഞ്ഞ്, സലീം, ഷാജി എന്നിവരുടെ 650 രൂപ വിലവരുന്ന 40 കിലോ നെമ്മീനും 250 രൂപ വിലവരുന്ന 60 കിലോ ചൂരയും രാത്രിയില്‍ മോഷ്ടാക്കള്‍ അപഹരിച്ചു. ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി താല്‍ക്കാലിക ഷെഡിലാണ് ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നത്.
രാത്രി എട്ടുമണിവരെയുള്ള കച്ചവടത്തിനുശേഷം പിറ്റേദിവസത്തേക്കുള്ളതും ഓര്‍ഡര്‍ അനുസരിച്ച് നല്‍കാനുള്ളതുമായ വലിയ മത്സ്യങ്ങള്‍ ഐസിട്ട് സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. ഇതാണ് മോഷ്ടാക്കള്‍ അര്‍ദ്ധരാത്രിയോടെ അപഹരിക്കുന്നത്. കമ്മീഷന്‍ കടകളില്‍നിന്നും ആയിരംതെങ്ങ് മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നും കടമായാണ് കച്ചവടക്കാര്‍ മത്സ്യം വാങ്ങി സൂക്ഷിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."