സൂര്യയും അജ്മലും മികച്ച നടീനടന്മാര്‍
കണ്ണൂര്‍: ഇവരാണ് ഞങ്ങ പറഞ്ഞ നടീനടന്മാര്‍... ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തിന്റെ ഫലം വന്നപ്പോള്‍ പ്രേക്ഷകരിലൊരാളുടെ വാക്കുകളാണിത്. കാണികളെ മുഴുവന്‍ രസച്ചരടില്‍ കോര്‍ത്തു സ്വാഭാവിക അവതരണത്തിലൂടെ അജ്മലും സൂര്യ ഷാജിയും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ക്കും ബഹുസന്തോഷം.
'വലുതാകാന്‍ കുറേ ചെറുതാകണം ' എന്ന നാടകത്തില്‍ തന്റെ ജീവിതം തന്നെ അവതരിപ്പിച്ചാണ് അജ്മല്‍ തകര്‍ത്തഭിനയിച്ചത്. അജ്മലിന്റെ ജീവിതത്തെ അടുത്തറിഞ്ഞ നാടക അധ്യാപകനായ പ്രിയനാണ് തിരക്കഥയൊരുക്കിയത്. പോത്തിനെ മേയ്ച്ച് അജ്മലും പിതാവ് ഹസ്സനും പ്രേക്ഷകരുടെ മനസിലേക്കു ചേക്കേറി. മനുഷ്യബന്ധങ്ങളില്‍ക്കിടയിലെ ലാളിത്യവും വിനയവും വ്യക്തികളെ വലിയവരാക്കുന്നുവെന്ന തത്വമാണ് നാടകത്തിന്റെ പ്രമേയം. ഈ നാടകത്തിനു തന്നെയാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ലഭിച്ചത്. പാലക്കാട് പെരിങ്ങോട് എച്ച്.എസ്.എസില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍.
'സദാചാരം' എന്ന തീപ്പൊരി നാടകത്തിലൂടെയാണ് സൂര്യ ഷാജിയെന്ന പ്രതിഭ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീത്വത്തിനെതിരായ വെല്ലുവിളികളെ സധൈര്യം നേരിട്ട സൂര്യയുടെ ഓരോ വാക്കുകളും പ്രേക്ഷകരുടെ ഹൃദയത്തിലാണ് ചെന്നു തറഞ്ഞത്. പെണ്ണ് എന്ന കഥാപാത്രത്തിലൂടെ അസാമാന്യ പ്രകടനമാണ് കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി എച്ച്.എസ്.എസ് വിദ്യാര്‍ഥിയായ സൂര്യ നടത്തിയത്. ജില്ലാ കലോത്സവത്തില്‍ അഞ്ചാം സ്ഥാനത്തായതിനെത്തുടര്‍ന്ന് അപ്പീലിലൂടെയാണ് സദാചാരം എന്ന നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചത്. ആദ്യം ഡി.ഡി, ലോകായുക്ത എന്നിവിടങ്ങളില്‍ അപ്പീല്‍ കൊടുത്തെങ്കിലും നിരസിക്കപ്പെട്ടു. പിന്നീട് അവസാന നിമിഷം ബാലാവകാശ കമ്മിഷനെ സമീപിച്ചതിനെത്തുടര്‍ന്നാണ് മത്സരിക്കാന്‍ അനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."