മണ്ണില്‍കിടന്നു മരവിച്ച ഒരു തറക്കല്ലിന്റെ പുതുവത്സര പ്രതീക്ഷ
പ്രിയപ്പെട്ട വയനാട്ടുകാര്‍ക്ക്,
സ്വന്തം മെഡിക്കല്‍ കോളജ് തറക്കല്ല് എഴുതുന്നത്..
പുതുവര്‍ഷം ആശംസിക്കുന്നില്ല. സുഖമാണോ എന്നു ചോദിക്കുന്നുമില്ല. വര്‍ഷങ്ങളായി വെയിലും മഴയുമേറ്റ് ഇവിടിങ്ങനെ നില്‍ക്കുന്ന എന്റെ മുന്നിലൂടെയും അല്ലാതെയും കോഴിക്കോട് ലക്ഷ്യമാക്കി പായുന്ന ആംബുലന്‍സുകളുടെ ശബ്ദം എന്നും ഞാന്‍ കേള്‍ക്കുന്നുണ്ട്.
ഈ നില്‍പ് എനിക്കും മടുത്ത് തുടങ്ങിയിരിക്കുന്നു. എന്റെ മുകളില്‍ ചുമരുകളും മേല്‍ക്കൂരയും വരുമെന്നത് ഇപ്പോള്‍ നിങ്ങളെ പോലെ എനിക്കും പ്രതീക്ഷ മാത്രമാണ്. എന്തൊക്കെയായിരുന്നു, മെഡിക്കല്‍ സിറ്റി, 950 കോടി രൂപ, ആദ്യഘട്ടത്തില്‍ 300 ബെഡ്, റിസര്‍ച്ച് സെന്റര്‍... എനിക്കന്നേ തോന്നിയതാ, ഇത് വെറും വാഗ്ദാനമായി അവശേഷിക്കുമെന്ന്. നിങ്ങള്‍ക്ക് വിധിയില്ലാന്ന് കരുതിയാ മതി. അല്ലെങ്കില്‍ എന്റെ കൂടെ പ്രഖ്യാപിക്കപ്പെട്ട മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തുടങ്ങി. ഞാനിപ്പോഴും തുണക്ക് കൂടെ ഒരു കല്ലു പോലുമില്ലാതെ ഇവിടെ കിടക്കുന്നു.
മൂന്ന് ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച എന്റെ നിര്‍മാണം 2015 ഓഗസ്റ്റില്‍ ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിപ്പോ, അതിന് ശേഷം മൂന്ന് ഓഗസ്റ്റുകള്‍ കഴിഞ്ഞു. ഇപ്പോഴും ഇങ്ങോട്ടുള്ള റോഡിന്റെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ഇനി ചിലപ്പോ അവരുദ്ദേശിച്ചത് 2018 ഓഗസ്റ്റായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
അെല്ലങ്കിലും നിങ്ങളുടെ അവസ്ഥ കാണുമ്പോള്‍, നിങ്ങള്‍ കേരളത്തില്‍ പെട്ടതല്ലേ എന്നു പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. കാരണം, എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ലഭിക്കുന്നത് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രമാണ്.
സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ സിറ്റിയാകാനൊന്നും ഞാനില്ല. പാതി ജീവനും കൊണ്ട് ചുരവും താണ്ടി കോഴിക്കോട്ടെ ആശുപത്രികളിലെത്തുമ്പോള്‍, അല്‍പം മുമ്പായിരുന്നെങ്കില്‍ ജീവന്‍ തിരിച്ചുകിട്ടുമായിരുന്നെന്ന വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്ന ഉറ്റവരുടെ വേദന കണ്ടു ഞാന്‍ മടുത്തു. ഇതിനൊരു അറുതി വേണം.
അതിന് ഇവിടെ യുദ്ധകാലാടിസ്ഥാനത്തില്‍ എന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം. ഇനിയും നിങ്ങള്‍ എന്റെ നിര്‍മാണത്തിന് രാഷ്ട്രീയ അതിര്‍വരമ്പുകളിട്ടാല്‍ എന്റെ സേവനം വരാനിരിക്കുന്ന തലമുറകള്‍ക്കും ലഭിക്കില്ല. അതുകൊണ്ട് എല്ലാം മറന്ന് നിങ്ങള്‍ വയനാട്ടുകാര്‍ മാത്രമാകുക. ഇതെന്റെ അപേക്ഷയാണ്. ഇപ്പോഴേ എന്റെ മുകളില്‍ കാടുകയറി മൂടിയിരിക്കുകയാണ്. ഇനിയും വൈകിയാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഞാനൊരു വിഷയം മാത്രമായി അവശേഷിക്കും.
പ്രതീക്ഷകളോടെ
നിങ്ങളുടെ സ്വന്തം തറക്കല്ല്
(ഒപ്പ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."