മൂന്ന് ലഷ്‌കര്‍ ഭീകരര്‍ക്ക് ബംഗാള്‍ കോടതി വധശിക്ഷ വിധിച്ചു
കൊല്‍ക്കത്ത: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ക്ക് ബംഗാള്‍ കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് യൂനസ്, അബ്ദുല്ല ഖാന്‍, മുസാഫര്‍ അഹമ്മദ് എന്നിവര്‍ക്കാണ് ബോഗാവോന്‍ അതിവേഗക്കോടതി വധശിക്ഷ വിധിച്ചത്. യൂനസും അബ്ദുല്ല ഖാനും പാകിസ്താനികളും മുസാഫര്‍ അഹമ്മദ് ഇന്ത്യക്കാരനുമാണ്. ജമ്മു കശ്മിരിലെ അനന്തനാഗ് ജില്ലയില്‍ നിന്നുള്ളയാളാണ് മുസാഫര്‍ അഹമ്മദ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളായ ഷേക്ക് നയീം എന്ന സമീര്‍ 2013 ല്‍ സി.ഐ.ഡി കസ്റ്റഡിയിലിരിക്കേ രക്ഷപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍.
2007 ഏപ്രില്‍ ഒന്നിന് ബി.എസ്.എഫ് ആണ് നാലു ഭീകരരെയും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ച് പിടികൂടിയത്. അതിനു ശേഷം ബി.എസ്.എഫ് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പശ്ചിമ ബംഗാള്‍ സി.ഐ.ഡി ടീമിനു കൈമാറി. അന്നു മുതല്‍ പശ്ചിമ ബംഗാള്‍ സി.ഐ.ഡി ടീമിന്റെ അന്വേഷണത്തിലാണ് കേസ്.
കഴിഞ്ഞയാഴ്ചയാണ് വിചാരണ അവസാനിച്ചത്. ഐ.പി.സി 121 അനുസരിച്ചാണ് മൂന്നു ഭീകരര്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. നാലാമന്‍ നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോയതായി പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മുഹമ്മദ് യൂനസും അബ്ദുല്ല ഖാനും ചാവേറുകളാണെന്നും ജമ്മു കശ്മിരില്‍ ചാവേര്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി. രക്ഷപ്പെട്ട നാലാമന്‍ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലും പ്രതിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മുംബൈ എ.ടി.എസ് ഷേക്ക് നയീമിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."