മുസ്‌ലിം- യാദവ വോട്ടുബാങ്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എസ്.പി
ന്യൂഡല്‍ഹി: യാദവ- മുസ്‌ലിം വോട്ടുബാങ്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എസ്.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരകലഹവും കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ ഇതുവരെ കഴിയാത്തതും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെങ്കിലും സാമുദായിക ഫോര്‍മുലക്കൊപ്പം സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി ബി.ജെ.പി അനുയായികള്‍ക്കിടയില്‍ ഉടലെടുത്ത അസംതൃപ്തി തങ്ങള്‍ക്ക്് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എസ്.പി.
എസ്.പി പ്രഖ്യാപിച്ച 208 അംഗ സ്ഥാനാര്‍ഥിപട്ടികയില്‍ 56 പേര്‍ മുസ്‌ലിംകളും 26 യാദവരും ഉള്‍പ്പെടും. എസ്.പിയുടെ മുസ്‌ലിം മുഖവും മന്ത്രിയുമായ അസംഖാന്റെ മകന്‍ അബ്ദുല്ല അസം ഉള്‍പ്പെടെയുള്ളവര്‍ക്കും എസ്.പി സീറ്റ്‌നല്‍കിയിട്ടുണ്ട്. പിതാവുമായി കലഹത്തിലാണെങ്കിലും ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ച 38 പേരുകളും മുലായമിന്റെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ അഖിലേഷ് ഉള്‍പ്പെടുത്തിയത്. ഇതിനു പുറമെ 23 താക്കൂര്‍ വിഭാഗക്കാരും 11 ബ്രാഹ്മണരും എസ്.പി ടിക്കറ്റില്‍ മല്‍സരിക്കും.
ആകെയുള്ള 403 അംഗ സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 80 മുസ്‌ലിംകളെയായിരുന്നു എസ്.പി മല്‍സരിപ്പിച്ചിരുന്നത്. എസ്.പിക്കു മുമ്പേ തന്നെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച ബി.എസ്.പി ഇതിനകം അവരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ 97 മുസ്‌ലിംകള്‍ക്കു സീറ്റ് കൊടുത്തിട്ടുണ്ട്. അതിനാല്‍ പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം 97ന് അടുത്തു തന്നെ വേണമെന്ന് എസ്.പി കരുതുന്നു. ഇതോടെ 18 ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശില്‍ ജനസംഖ്യാനുപാതികമായി അവര്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാതിനിധ്യം നല്‍കാനാവുമെന്നാണ് എസ്.പി വിലയിരുത്തുന്നത്. വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്കു സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ പരിഗണന നല്‍കിയതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. അഖിലേഷിനെതിരേ കാര്യമായ അഴിമതിയാരോപണം ഉയരാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കുറവാണെന്നാണ് പൊതുവായ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."