എന്‍.ഡി.എ സംഘം നാളെ കുറിഞ്ഞിമല സന്ദര്‍ശിക്കും
തിരുവനന്തപുരം: ചെയര്മാന് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നാളെ എന്‍.ഡി.എ സംഘം കുറിഞ്ഞിമലയിലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് എന്‍.ഡി.എ കോ-കണ്‍വീനര്‍ പി.കെ കൃഷ്ണദാസ്. എന്‍.ഡി.എ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, പി.സി തോമസ്, സി.കെ ജാനു, രാജന് ബാബു, കുരുവിള മാത്യൂസ്, കെ.കെ പൊന്നപ്പന്, കെ. രാജേന്ദ്രന്, എം. മെഹബൂബ്, ഗോപകുമാര്‍, രാജന് കണ്ണാട്ട് എന്നിവരും സംഘത്തിലുണ്ടാകും. എന്‍.ഡി.എ സംഘത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുറിഞ്ഞി മല അടക്കമുള്ള ഇടുക്കി ജില്ലയിലെ മുഴുവന്‍ കൈയേറ്റങ്ങളെപ്പറ്റിയും സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. ഇരു മുന്നണികളുടേയും നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഇടുക്കിയില്‍ കൈയേറ്റം നടക്കുന്നത്.
മന്ത്രി എം.എം മണി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, കെ. രാജേന്ദ്രന് എം.എല്‍.എ, ജോയ്സ് ജോര്‍ജ്ജ് എം.പി എന്നിവരാണ് കൈയേറ്റക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത്. ഉദ്യോഗസ്ഥ-രാഷ്ട്രീയ കൈയേറ്റ മാഫിയ കൂട്ടുകെട്ട് വെളിച്ചത്ത് കൊണ്ടുവരാന്‍ ഇവിടെയുള്ള ഏജന്‍സികള്‍ക്ക് കഴിയില്ല. അതിനാല്‍ തന്നെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ് സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."