നരീക്കാംവള്ളിയിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞു
പയ്യന്നൂര്‍: കടന്നപ്പള്ളി നരിക്കാംവള്ളിയില്‍ അനധികൃത കുന്നിടിക്കല്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ചെറുതാഴം വില്ലേജ് അധികൃതരുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കാതെ കുന്നിടിച്ചു മണ്ണെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിസ്ഥിതി പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി മണ്ണെടുപ്പ് തടയുകയും ജില്ലാ കലക്ടറെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ വില്ലേജ് അധികൃതരും പരിയാരം പൊലിസും സ്ഥലത്തെത്തി.
എന്നാല്‍ വില്ലേജ് ഓഫിസറുടെ പരാതിയില്‍ മാത്രമേ മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കാന്‍ കഴിയൂവെന്ന് പൊലിസ് അറിയിച്ചു. പൊലിസ് മടങ്ങവേ ജെ.സി.ബിയുമായി എത്തിയവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് വില്ലേജ് അസിസ്റ്റന്റും പരിസ്ഥിതി പ്രവര്‍ത്തകരും തടഞ്ഞു. തുടര്‍ന്ന് ജെ.സി.ബി പരിയാരം പൊലിസ് കസ്റ്റഡിയിലെടുത്തു.
പ്രദേശത്തെ കുടിവെള്ള ലഭ്യതക്ക് ഭീഷണിയാകുന്ന വിധത്തിലാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയില്‍ വില്ലേജ് അധികൃതര്‍ പലതവണ മണ്ണെടുപ്പ് തടഞ്ഞിരുന്നു.
എന്നാല്‍ ഒഴിവ് ദിവസങ്ങളിലും വൈകുന്നേരങ്ങളിലും നരീക്കാംവള്ളിയില്‍ മണ്ണെടുപ്പ് നടക്കുന്നത് പതിവാണ്. അതിനിടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കുന്ന അനധികൃത മണ്ണെടുപ്പ് നിരോധിക്കാന്‍ മലബാറുകാരന്‍ കൂടിയായ പുതിയ റവന്യുമന്ത്രി തയാറാകണമെന്ന് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."