പണത്തിനു മീതെ പരുന്തും പറക്കും; കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഏതാനും സമയം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത് പ്രസക്തമാകുന്നു
കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഏതാനും സമയം ബാക്കി നില്‍ക്കെ സുപ്രഭാതം കോഴിക്കോട് ബ്യൂറോയില്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ തുറന്ന കത്താണിത്. കലോത്സവത്തില്‍ അഴിമതി നടക്കുന്നുണ്ടെന്ന പരസ്യമായ രഹസ്യം നിലനില്‍ക്കെ ഈ കത്ത് പ്രസക്തമാവുകയാണ്.
കഴിഞ്ഞ ഏഴ് വര്‍ഷമായി കലോത്സവങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തൊരു വിദ്യാര്‍ഥിയാണ് ഞാന്‍. എന്നാല്‍ പതിവിന് വിപരീതമായി മത്സരത്തിന് മുന്നെ മത്സര ഫലങ്ങള്‍ തയറാവുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഞാനും എന്റെ സുഹൃത്തുക്കള്‍ ഇത്തവണ കലാമാമാങ്കത്തിന് പങ്കെടുത്തില്ല. 2014-15 അധ്യയന വര്‍ഷത്തില്‍ കൊല്ലത്ത് നിന്നാണ് ഞാന്‍ ആദ്യമായി കലോത്സവത്തിന് പിന്നിലെ കച്ചവട രഹസ്യങ്ങള്‍ നേരില്‍ കണ്ടത്. ഒപ്പനയില്‍ ജില്ലാ തലത്തില്‍ അഞ്ചാം സ്ഥാനവും എ ഗ്രേഡും ലഭിച്ച് ലോകായുക്തയുടെ അപ്പീല്‍ വഴിയായിരുന്നു ഞങ്ങള്‍ സംസ്ഥാന തല മത്സരത്തിന് കൊല്ലത്തെത്തിയത്. ഒപ്പനയെന്ന മാപ്പിള കലയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പരിചയമുള്ള ഗ്രൂപ്പായിരുന്നു ഞങ്ങളുടെത്. സ്റ്റേജില്‍ തോഴിമാര്‍ക്കൊപ്പം കൈകൊട്ടിപ്പാടിയപ്പോള്‍ സദസും ഞങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ വിധി നിര്‍ണയത്തിന് ശേഷമാണ് ഞങ്ങളറിയുന്നത് വിധികര്‍ത്താക്കള്‍ സംസ്ഥാനത്തെ പ്രശസ്ത സ്‌കൂളിലെ ഒപ്പന പരിശീലകന്റെ സുഹൃത്തുക്കളാണെന്ന്. അതോടെ വിധിനിര്‍ണയവും പ്രതികൂലമായി. പിന്നീടും ഞങ്ങള്‍ കലാ മേഖലയില്‍ നിന്ന് പിന്‍മാറിയില്ലായിരുന്നു. എന്നാല്‍ അടുത്ത അധ്യയന വര്‍ഷം ജില്ലാ കലോത്സവത്തിലും ഇതേ അവസ്ഥ ഞങ്ങള്‍ക്കുണ്ടായി. വിധികര്‍ത്താക്കളും ജില്ലയിലെ പ്രമുഖ സ്‌കൂളിലെ പരിശീലകന്റെയും രഹസ്യ നീക്കത്തിലൂടെ അവിടെയും ഞങ്ങള്‍ പിന്തള്ളപ്പെട്ടു. അവിടെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയത് ഒരേ സ്‌കൂളിനായിരുന്നു എന്നത് കൗതുകകരമായ കാര്യമായിരുന്നു. അവിടെയും ഞങ്ങള്‍ വിശ്രമിച്ചില്ല. സിവില്‍ കോടതിയിലും ലോകായുക്തയിലും അപ്പീലിന് മനസില്ലാ മനസോടെ പോയെങ്കിലും അവിടെയും പണമെറിഞ്ഞുള്ള കളിയായിരുന്നു. വിധി വീണ്ടും പ്രതികൂലമായി. പണത്തിനു മീതെ പരുന്തും പറക്കും എന്ന് പറഞ്ഞത് പോലെ ഇനിയും ഇത്തരം പണമെറിയുന്ന കലോത്സവങ്ങളാണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അത് കൊണ്ട് തന്നെയാണ് സാധാരണക്കാരായ ഞങ്ങള്‍ ഇതില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പഠനത്തിനിടയില്‍ കലാ മേഖലയിലും മികവ് പുലര്‍ത്തുമ്പോള്‍ പണമെറിഞ്ഞ് ഇത്തരം മേഖലകള്‍ കയ്യടക്കുന്ന ലോബികളെ തുറന്ന് കാട്ടേണ്ടത് അത്യാവശ്യമാണ്. കലോത്സവത്തിന്റെ കലാശക്കൊട്ടിന് ഏതാനും മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കലോത്സവ നഗരിയില്‍ വട്ടമിട്ട് പറക്കുന്ന വിജിലന്‍സിന്റെ പച്ചത്തത്തകള്‍ ഒരു കോഴ കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്തത് ഖേദകരമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ട് വരണമെന്നാണ് എന്റെ പക്ഷം. കേവലം നാലാള്‍ക്ക് മുന്നില്‍ കലോത്സവ വിജയിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞിരിക്കുന്നതിനേക്കാള്‍ നല്ലത് കലയെ കച്ചവടച്ചരക്കാക്കി മാറ്റുന്നവര്‍ക്കൊപ്പം മാറ്റുരക്കാത്തതാണ്.
അശ്വതി ബാലമുരളി
പ്രൊവിഡന്‍സ് എച്ച്.എസ്.എസ് കോഴിക്കോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."