നവീകരണമെന്ന പൊടിക്കൈകള്‍; മെച്ചം പൊടിശല്യം
താമരശേരി: ചുരം നവീകരണത്തിന്റെ മുറവിളികള്‍ ജനങ്ങളില്‍നിന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളില്‍ നിന്നും ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം താമരശേരി താലൂക്ക് ഓഫിസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഇതില്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചത്. 1. ചുരത്തില്‍ നടപ്പിലാക്കിയ ഗതാഗത നിയന്ത്രണം ശക്തമാക്കുക 2. അടിവാരത്ത് താല്‍ക്കാലിക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുക 3.ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുക.
പ്രഖ്യാപിച്ച മൂന്നു കാര്യങ്ങളും ശക്തമായി നടപ്പിലാക്കുമെന്ന് യോഗത്തിനു ശേഷം കലക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ചുരത്തിലെ അറ്റകുറ്റപ്പണി വെറും പൊടിപ്രയോഗം മാത്രമാണെന്ന് ചുരത്തിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും ബോധ്യമാകും. അടിവാരത്ത് ചെക്ക്‌പോസ്റ്റും 20ഓളം പൊലിസുകാരെയും നിയമിച്ചത് ഒഴിച്ചാല്‍ ബാക്കിയെല്ലാം പഴയപടി തന്നെ. പൊലിസുകാര്‍ ചെയ്യുന്നത് വലിയ വാഹനങ്ങള്‍ ചുരത്തിന്റെ രണ്ടു ഭാഗങ്ങളിലും തടയുക മാത്രമാണ്. ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പേരെ നിയമിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല. ഇപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ ഹോം ഗാര്‍ഡുകളും സന്നദ്ധ പ്രവര്‍ത്തകരും മാത്രമാണ് രംഗത്തുള്ളത്.
ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ട് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണെന്നിരിക്കെ ജില്ലാ കലക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ട് ചുരത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി നീക്കിവച്ചത്.എന്നാല്‍ ഈ ഫണ്ട് ഫലവത്തായി ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തയാറായിട്ടില്ല.
നവീകരണമെന്ന പേരില്‍ ചുരത്തിലെ കുഴികളിലും ഗര്‍ത്തങ്ങളിലും നിക്ഷേപിക്കുന്ന കോറി വേസ്റ്റുകള്‍ മൂന്നാം തരം മാലിന്യങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം തരം കോറി വേസ്റ്റുകള്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ കുഴികള്‍ അടച്ച് ഉറപ്പു വരുത്താന്‍ സാധിക്കും. എന്നാല്‍ കോറികളില്‍ നിന്ന് വേസ്റ്റ് ഇനത്തിലെ ഏറ്റവും മോശമായ പൊടികളും ചെറിയ കല്‍ ചീളുകളും നിറഞ്ഞവയാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ചുരത്തില്‍ രൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്.
ജില്ലാ ഭരണകൂടം ചുരത്തിലെ പ്രയാസങ്ങള്‍ മാറണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും നിസ്സംഗത തുടരുകയാണ്. ഇത്രയും കോലാഹലങ്ങള്‍ ഉയര്‍ന്നിട്ടും പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരോ വകുപ്പ് മേധാവികളോ സ്ഥലം സന്ദര്‍ശിക്കുകയോ പ്രത്യേക ഉത്തരവുകള്‍ ഇറക്കുകയോ പ്രവൃത്തി ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെയോ വകുപ്പ് മന്ത്രിയുടെയോ പ്രസ്താവനകളോ ഉത്തരവുകളോ ഉണ്ടായിട്ടില്ല. പൊലിസ് കുറച്ചു വാഹനങ്ങള്‍ തടഞ്ഞാല്‍ എല്ലാമായി എന്നാണ് ഇപ്പോഴും ചിലര്‍ കരുതുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വര്‍ഷവും ഭീമന്‍ നികുതി അടച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളെ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ നിരോധിക്കുന്നു എന്നാണ് അധികാരികള്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കാലതാമസം കൂടാതെ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രവൃത്തി വേഗത്തില്‍ മുന്നോട്ടു പോകുന്നില്ല. പൊടിക്കൈകള്‍ മാത്രമാണ് നടക്കുന്നത്.
ചുരത്തില്‍ വാഹന നിരോധന ഉത്തരവ് പുറത്തുവന്നതോടെ ഇതുവഴിയുള്ള സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. അതിനാല്‍ ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിലൊക്കെയുള്ള കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെല്ലാം തിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്.
അതിനിടെ വ്യാപാരികളുടെ യോഗം ഇന്നലെ അടിവാരത്ത് ചേരുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ചുരം സന്ദര്‍ശനത്തിനു വരികയാണെങ്കില്‍ തടയാനും തീരുമാനിച്ചതായാണ് വിവരം. ജനുവരി മൂന്നിന് മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനുമായ സി. മോയിന്‍കുട്ടി ചുരം നവീകരണത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥക്കെതിരേ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുന്നുണ്ട്.
ഇതോടെ താമരശേരി ചുരം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."