ഓടുന്നതിനിടെ ലോറിയുടെ മുന്‍ഭാഗം പൊങ്ങി; അപകടം ഒഴിവായി
പള്ളിക്കല്‍: അമിത ഭാരം കയറ്റിയ മിനിലോറി കുത്തനെയുള്ള കയറ്റത്തില്‍ മുന്‍ഭാഗം പൊങ്ങി അപകടത്തില്‍പെട്ടു. ദേശീയപാത കാക്കഞ്ചേരി വളവിലാണ് ഓട്ടത്തിനിടെ മിനിലോറിയുടെ മുന്‍ഭാഗം രണ്ടു മീറ്ററോളം ഉയരത്തില്‍ റോഡില്‍നിന്നു പൊങ്ങിയത്.
നിലമ്പൂരില്‍നിന്നു തൃശൂര്‍ ഭാഗത്തേക്കു റബര്‍ മരം കയറ്റിപ്പോകുകയായിരുന്ന മിനി ലോറിയുടെ പിന്‍ഭാഗത്തു വാഹനത്തിനു പുറത്തേക്കു തള്ളിയ നിലയില്‍ അമിതഭാരം കയറ്റിയതാണ് അപകടത്തിന് കാരണമായത്. കുത്തനെയുള്ള കയറ്റത്തിലെ വളവില്‍ കയറ്റം കയറാതെ പിന്നോട്ടുനീങ്ങിയ ലോറിയുടെ മുന്‍ഭാഗം പൊങ്ങി പിന്‍ഭാഗത്തു പുറത്തേക്ക് തൂങ്ങിയ മരത്തടി റോഡില്‍ കുത്തി നില്‍ക്കുകയായിരുന്നു.
കിന്‍ഫ്ര പാര്‍ക്കിലേക്ക് വരുന്ന ലോറി എളുപ്പവഴിയായ കൊട്ടപ്പുറം പള്ളിക്കല്‍ബസാര്‍വഴി വരാതെ രാമനാട്ടുകരവഴി വന്നത് കൊട്ടപ്പുറത്തുള്ള കയറ്റം കയറുമ്പോള്‍ അപകട സാധ്യത മുന്നില്‍കണ്ടതിനാലാണെന്ന് പറയപ്പെടുന്നു. അപകടമുണ്ടായതോടെ റോഡില്‍ ഗതാഗത തടസവുമുണ്ടായി. ഹൈവേ പൊലിസും നാട്ടുകാരും ഗതാഗതം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."