'ഫിഡല്‍ കാസ്‌ട്രോയെ' ഭയന്ന് സി.പി.എമ്മും മന്ത്രിസഭയും
തിരുവനന്തപുരം: ജിഷാ വധക്കേസില്‍ സുപ്രധാന തീരുമാനമെടുത്ത് ഭരണം ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയ്ക്കും ഭയം വി.എസിനെ മാത്രം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്, മുന്‍ മുഖ്യമന്ത്രി, മുന്‍ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വി.എസിനെ വെറും എം.എല്‍.എ ആയി ഇരുത്താന്‍ കഴിയില്ല.
മുഖ്യമന്ത്രി പദത്തിന്റെ പേരില്‍പ്പോലും തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടിയുയര്‍ത്തിയാണ് വി.എസ് തന്റെ എതിര്‍പ്പ് അറിയിച്ചത്.
മുഖ്യമന്ത്രിപദത്തില്‍ കുറഞ്ഞതൊന്നും വി.എസ് ആഗ്രഹിച്ചിരുന്നില്ല. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ സമയോചിത ഇടപെടല്‍ ഒരു പൊട്ടിത്തെറി ഒഴിവാക്കി. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന സമവാക്യമാണ് ജനറല്‍സെക്രട്ടറി മുന്നോട്ടുവച്ചത്. ഈ സമവാക്യം പിണറായിക്കും വിഎസിനും ഒരുപോലെ മുഖ്യമന്ത്രിപദം സ്വപ്നം കാണാനുള്ള അവസരവുമൊരുക്കി. തെരഞ്ഞെടുപ്പിനു ശേഷം വി.എസിനെ കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയാക്കുകയും പിണറായിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. കേരളത്തില്‍ അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിക്കാണ് കാസ്‌ട്രോയെക്കാള്‍ വിലയെന്ന് അറിയാവുന്നതു കൊണ്ട് വി.എസ് പുതിയ മാര്‍ഗങ്ങള്‍ തേടി. ഇതിന്റെ ഫലമായാണ് സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ് തന്റെ ആവശ്യങ്ങള്‍ അറിയിച്ച് പാര്‍ട്ടി ജനറല്‍സെക്രട്ടറിക്ക് കുറിപ്പു നല്‍കിയത്. കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേശകന്‍, സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടക്കം, എല്‍.ഡി.എഫ് ചെയര്‍മാന്‍ എന്നിവയാണ് ആവശ്യം.
ഇതില്‍ മന്ത്രിസഭാ ഉപദേശകന്‍ എന്ന പദവി പാര്‍ട്ടി നല്‍കാമെന്ന് നേരത്തേ സമ്മതിച്ചിരുന്നു. കൂടാതെ എല്‍.ഡി.എഫ് ചെയര്‍മാന്‍സ്ഥാനവും. എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള മടക്കത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തിനുള്ളില്‍ വി.എസിന് നഷ്ടമായത് പാര്‍ട്ടിയിലേയും എല്‍.ഡി.എഫിലേയും മന്ത്രിസഭയിലേയും അധികാരങ്ങളാണ്. ഇവയെല്ലാം മറ്റൊരു തരത്തില്‍ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യംവച്ചാണ് വി.എസ് മൂന്നു നിര്‍ദേശങ്ങള്‍ അറിയിച്ചത്.
കാബിനറ്റ് റാങ്കോടെയുള്ള മന്ത്രിസഭാ ഉപദേശകനെന്ന പദവി വി.എസിനു നല്‍കിയാല്‍ മുഖ്യമന്ത്രിയായ പിണറായിക്കും മറ്റു മന്ത്രിമാര്‍ക്കും അഭിപ്രായങ്ങള്‍ പോലും പറയാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ടാകും. കൂടാതെ വി.എസിന്റെ അപ്രമാധിത്വവും മന്ത്രിസഭയിലുണ്ടാകും. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ബാധിക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസിന് ഘടകകക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. സി.പി.എം സംസ്ഥാന ഘടകത്തില്‍നിന്നു പുറത്താക്കിയിട്ടും പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍.ഡി.എഫിലാണ് വി.എസ് അഭയം കണ്ടത്. സി.പി.ഐ അടക്കമുള്ള എല്ലാ ഘടകകക്ഷികളും വി.എസിനെ അനുകൂലിച്ചു. നിലവില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. അതിനും മുകളിലേക്കൊരു പദവിയുണ്ടെങ്കില്‍ മാത്രമേ എല്‍.ഡി.എഫിന്റെ കടിഞ്ഞാണ്‍ പിടിക്കാനാകൂവെന്ന് വി.എസ് മുന്‍കൂട്ടിക്കണ്ടാണ് ചെയര്‍മാന്‍ പദവി ആവശ്യപ്പെട്ടത്. കൂടാതെ സി.പി.എമ്മില്‍ വി.എസ് കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവ് മാത്രമാണ്. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ അറിയാനും പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളില്‍ ഭാഗമാകാനും വേണ്ടിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എടുക്കണമെന്ന ആവശ്യംവച്ചത്.
വി.എസ് ആവശ്യപ്പെട്ട പദവികള്‍ നല്‍കിയാല്‍ എന്തു സംഭവിക്കുമെന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, വി.എസിനെ ഒതുക്കാന്‍ നേരത്തേ പാര്‍ട്ടിതന്നെ മുന്നോട്ടുവെച്ച പദവികള്‍ നല്‍കാതിരുന്നാല്‍ അത് മറ്റൊരു വിവാദത്തിനു കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."