മംഗളൂരു വിമാനത്താവളത്തില്‍ സന്ദര്‍ശകരോട് ശൗചാലയ 'അയിത്തം'
കാഞ്ഞങ്ങാട്: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കുള്ള സൗകര്യം വെട്ടിച്ചുരുക്കി. ഇതോടെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തുന്നവര്‍ പ്രതിസന്ധിയിലായിരിക്കുയാണ്.
75 രൂപയുടെ പ്രവേശന പാസ് എടുത്ത് വിമാനത്താവളത്തിനകത്തേക്ക് കടക്കുന്നവര്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളാണ് കാലത്തായി വെട്ടിച്ചുരുക്കിയത്. യാത്ര അയക്കാന്‍ പോകുന്നവര്‍ക്കുണ്ടായിരുന്ന സ്ഥല സൗകര്യം പരിമിതപ്പെടുത്തിയതിന് പുറമെ സന്ദര്‍ശകര്‍ക്ക് ശൗചാലയം ഉപയോഗിക്കാനുള്ള അവസരവും നിഷേധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം എത്തുന്നവര്‍ ഒരാള്‍ക്ക് 75 രൂപ നല്‍കി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്ക് കടന്നാല്‍ മൂന്ന് മണിക്കൂര്‍ വരെ അവിടെ തങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ അതിനകത്തെ ശൗചാലയം ഉപയോഗിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയില്ല. നേരത്തെ അതിനുള്ള സൗകര്യമുണ്ടായിരുന്നു.
ശൗചാലയത്തില്‍ പോകേണ്ടി വന്നാല്‍ പുറത്തേക്ക് പോകേണ്ട അവസ്ഥയാണ്. ഇതിന് പ്രത്യേകം ചാര്‍ജ് കൊടുക്കണമെന്ന് മാത്രമല്ല വീണ്ടും അകത്ത് കടക്കണമെങ്കില്‍ ഒരിക്കല്‍ കൂടി 75 രൂപ നല്‍കി പ്രവേശന പാസ് എടുക്കണം.
ഇന്ത്യയില്‍ മറ്റേതൊരു വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ല.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്ര അയക്കാനും സ്വീകരിക്കാനെത്തുന്നവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്കും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ എം.പി നളിന്‍കുമാര്‍ കട്ടീല്‍, കാസര്‍കോട് എം.പി പി. കരുണാകരന്‍ എന്നിവരോടും വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."