മെഡിക്കല്‍ പ്രവേശനം: തലവരിക്ക് കടിഞ്ഞാണിടാന്‍ നിയമം വരുന്നു
തിരുവനന്തപുരം: മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് കോടികളുടെ തലവരിപ്പണം വാങ്ങുന്നതും സീറ്റ് കച്ചവടം നടത്തുന്നതും അവസാനിപ്പിക്കാന്‍ നിയമവുമായി സര്‍ക്കാര്‍. സ്വാശ്രയ കോളജുകളില്‍ നൂറ് ശതമാനം മെഡിക്കല്‍, ദന്തല്‍ സീറ്റുകളിലേക്കും കേന്ദ്രീകൃത കൗണ്‍സിലിങും അലോട്ട്‌മെന്റും നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.
ഇതോടെ സംസ്ഥാന സര്‍ക്കാരും സ്വാശ്രയ കോളജുകളുമായുള്ള വര്‍ഷം തോറുമുള്ള കരാറും ഇല്ലാതാകും. സുപ്രീംകോടതി അംഗീകരിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ മെഡിക്കല്‍പ്രവേശന നിയമത്തിന്റെ മാതൃകയിലായിരിക്കും കേരളത്തിലെയും പുതിയ നിയമം.
പുതിയ സ്വാശ്രയ നിയമത്തിന് രൂപം നല്‍കാനും ഫീസ് ഘടന നിശ്ചയിക്കാനും ജസ്റ്റിസ് ജെയിംസ് അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചു. ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു, മുന്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ ബി.എസ്.മാവോജി, എന്‍ട്രന്‍സ് കമ്മിഷണര്‍ എം.ടി റെജു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എ.റംലാബീവി എന്നിവരാണ് സമിതി അംഗങ്ങള്‍. അടുത്ത മാസം പകുതിയോടെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കരട് തയാറാക്കുന്നതിനുമുമ്പ് ഫീസ് ഘടനയെ കുറിച്ച് വിദഗ്ധരുമായി സമിതി ചര്‍ച്ച ചെയ്യും. ബില്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കല്‍പ്പിത സര്‍വകലാശാലകളും ന്യൂനപക്ഷ പദവിയുള്ള കോളജുകളും ഉള്‍പ്പെടെ മുഴുവന്‍ സ്വാശ്രയ കോളജുകളും പുതിയ നിയമത്തിന്റെ കീഴിലാകും. മുഴുവന്‍ സീറ്റിലും ഏകീകൃത കൗണ്‍സിലിങ് ആവുന്നതോടെ മാനേജ്‌മെന്റ് ക്വോട്ട ഇല്ലാതാവും.
മാനേജ്‌മെന്റുകള്‍ സ്വന്തമായി നടത്തിയിരുന്ന എല്ലാ പ്രവേശനവും വിലക്കും. ഇതോടെ 85 ശതമാനം സീറ്റും മെറിറ്റില്‍ വരും. എന്‍.ആര്‍.ഐ ഒഴികെ മുഴുവന്‍ സീറ്റുകളിലും ഏകീകൃത ഫീസ് ഘടനയായിരിക്കും. പുതിയ നിയമത്തില്‍ നൂറുശതമാനം സീറ്റിലും അലോട്ട്‌മെന്റിനുള്ള അധികാരം എന്‍ട്രന്‍സ് കമ്മിഷണര്‍ക്കാവും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ സജ്ജമാക്കും. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."