ജില്ലയില്‍ മോഷണം തുടര്‍ക്കഥ; ഇരുട്ടില്‍തപ്പി പൊലിസ്
കുന്നംകുളം: നഗരത്തിലും പരിസര ഗ്രാമങ്ങളിലും മോഷണം തുടര്‍ക്കഥയാകുമ്പോഴും പൊലിസ് ഇരുട്ടില്‍ തപ്പുന്നു. കുന്നംകുളം-ഗുരുവായൂര്‍ റോഡിലെ അധ്യാപികയുടെ വീട്ടില്‍നിന്നു രണ്ടാഴ്ച മുന്‍പു പട്ടാപകലാണ് സ്വര്‍ണവും പണവും മോഷണം പോയത്.
ആള്‍സഞ്ചാരമുള്ള റോഡില്‍ പകല്‍ സമയത്തു വീടിന്റെ മുന്‍വാതില്‍ കമ്പി ഉപയോഗിച്ചു തകര്‍ത്താണു മോഷണം നടന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ പൊലിസ് സ്റ്റേഷന്റെ തൊട്ടടുത്ത് ഗാന്ധി നഗറിലെ വീട്ടിലാണു മോഷണം നടന്നത്. ഇവിടെനിന്നും സ്വര്‍ണം തന്നെയാണു നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം തിപ്പലശ്ശേരിയിലെ കോഴി ഫാമില്‍ നിര്‍ത്തിയിട്ടിരുന്ന ഓംനി വാനും പമ്പ്‌സെറ്റുകളും മോഷണം പോയിട്ടുണ്ട്. ഇതിലും അന്വേഷണം എവിടെയുമെത്തിയില്ല. വിഷയത്തില്‍ പൊലിസ് അന്വേഷണമോ പട്രോളിങ്ങോ കാര്യമായി നടക്കാത്തതു മോഷ്ടാക്കള്‍ക്കു സഹായകമാകുകയാണ്.
പെരുമ്പിലാവ്, കരിക്കാട്, കോട്ടോല്‍, അയിനൂര്‍, പോര്‍ക്കുളം, ആനായ്ക്കല്‍, ഗാന്ധിനഗര്‍, ചൊവ്വന്നൂര്‍ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും ചെറിയ മോഷണങ്ങളോ മോഷണശ്രമങ്ങളോ കഴിഞ്ഞ ഒരു മാസത്തിനകം നടന്നിട്ടുണ്ട്. കാര്യമായി നഷ്ടങ്ങളില്ലാത്തവ പലതും പരാതിയില്ലാതെ പോവുകയും ചിലത് പൊലിസ് തന്നെ ഗൗരവമായി കാണാതെ വിടുകയുമാണ്. മോഷണം തുടരെയുണ്ടാകുമ്പോള്‍ പൊലിസ് സേനക്കു മാനഹാനിയുണ്ടാകുമെന്നതിനാലാണു നിസാരവിഷയങ്ങളിലെ പരാതിയെ പൊലിസ് തന്നെ നിരുത്സാഹപ്പെടുത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
മോഷണം നടന്ന സ്ഥലത്ത് അന്വേഷണവും തെളിവെടുപ്പും കാര്യമായി നടക്കുന്നുണ്ടെങ്കിലും എവിടെയും മോഷ്ടാക്കളെ പിടികൂടുന്ന സംഭവങ്ങളുണ്ടാകാറില്ല. 10 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള വാറന്‍ഡ് പ്രതികളെയും പെറ്റികേസില്‍ ജാമ്യമെടുത്തു മുങ്ങിയവരെയും സംസ്ഥാനത്തിനകത്തും പുറത്തും പോയി തിരഞ്ഞുപിടിച്ചു കൊണ്ടുവന്നു പത്രങ്ങളില്‍ പടം നല്‍കുന്നതിനപ്പുറത്ത് പൊലിസ് അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നാണ് ആരോപണം. രാഷ്ട്രീയ ആക്രമണ കേസുകളില്‍ പാര്‍ട്ടിക്കാര്‍ നല്‍കുന്ന പ്രതികളെ അറസ്റ്റ് കാണിക്കുകയും പെറ്റിക്കേസില്‍ വാറന്‍ഡ് പ്രതികളെ ഓടിച്ചിട്ടു പിടിച്ചതുമല്ലാതെ മറ്റു പ്രതികളൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുന്നംകുളത്ത് പിടിയിലായിട്ടില്ലെന്നതാണു യാതാര്‍ഥ്യം.
രണ്ടുദിവസം മുന്‍പ് കാട്ടകാമ്പാലില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം പാര്‍ട്ടിതലത്തില്‍ നടത്തുമെന്ന് കാട്ടകാമ്പാലിലെ പ്രാദേശിക നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് കുന്നംകുളം പൊലിസിന്റെ അനാസ്ഥമൂലമാണെന്നാണു പറയുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിറക്കലില്‍ വാളുവീശിയ കേസില്‍ പിടിയിലായവരുടെ തലയില്‍ ഈ ആക്രമണം കെട്ടിവയ്ക്കാനായി പൊലിസ് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഒരു പത്രത്തില്‍ പാര്‍ട്ടി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളെ എസ്.ഐ അറസ്റ്റ് ചെയ്തതായും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇതു പിന്നീട് പൊലിസിനു തന്നെ വിനയായി. ഇവര്‍ മറ്റൊരു കേസിലെ പ്രതികളാണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പറഞ്ഞതോടെയാണ് ഈ ശ്രമം ഉപേക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."