ബി.ജെ.പിയ്ക്കെതിരേ പ്രചാരണം ശക്തമാക്കുമെന്ന് ജാട്ട് നേതാക്കള്‍
ബിജ്നോര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിയ്ക്കുമെതിരായ പ്രതിഷേധം രൂക്ഷമാകുന്നു.
ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമാണ് എതിര്‍പ്പ് ശക്തമായത്. ഇവിടങ്ങളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ ശേഷിയുള്ള ജാട്ട് സമുദായക്കാരാണ് എതിര്‍പ്പ് ശക്തമാക്കി രംഗത്തുവന്നത്.
സംവരണ കാര്യത്തില്‍ സമുദായത്തെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാട്ട് സമുദായക്കാര്‍ ബി.ജെ.പിയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബി.ജെ.പിയ്ക്കെതിരേ യുദ്ധപ്രഖ്യാപനമാണ് ജാട്ട് സമുദായക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ 125 സീറ്റുകളിലും ഉത്തരാഖണ്ഡില്‍ പൂര്‍ണമായും ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷി ജാട്ട് സമുദായക്കാര്ക്കുണ്ടെന്ന് അഖില ഭാരതീയ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതി ദേശീയ പ്രസിഡന്റ് യശ്പാല്‍ മാലിക് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക താല്പര്യങ്ങളില്ലെങ്കിലും സമുദായത്തെ വഞ്ചിച്ച സാഹചര്യത്തില്‍ ബി.ജെ.പിയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉയര്‍ത്തുന്നതെന്നും ജാട്ട് നേതാവ് പറഞ്ഞു.സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തില്‍ 18 പേരാണ് മരിച്ചത്. 25,000 പേര്‍ക്കെതിരേ പൊലിസ് അന്യായമായി കേസെടുക്കുകയും ചെയ്തു. 100ലധികം പേര് ജയിലിലുമായി.
ഇത് സുദായത്തിനുള്ളില് വലിയ മുറിവാണ് ഉണ്ടാക്കിയത്. ഇതിനെതിരേ ഗ്രാമ-നഗരവ്യത്യാസമില്ലാതെ ബി.ജെ.പിയ്ക്കെതിരേ പ്രചാരണം നടത്തുമെന്നും ജാട്ട് സമുദായ നേതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."