ഗുജറാത്തില്‍ മുഖ്യമന്ത്രിക്ക് തലവേദനയുമായി മറ്റൊരു മന്ത്രികൂടി
ഗാന്ധിനഗര്‍: ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉയര്‍ത്തിയ വിവാദം ഒരു തരത്തില്‍ പരിഹരിച്ചതിനു പിന്നാലെ ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് തലവേദന സൃഷ്ട്രിച്ച് മറ്റൊരു മന്ത്രികൂടി കലാപക്കൊടി ഉയര്‍ത്തി.
മന്ത്രിമാരെ നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാംതവണയും എം.എല്‍.എ ആയി നിയമസഭയിലെത്തിയ പുരുഷോത്തം സോളങ്കി പ്രതിഷേധിച്ചത്.
കോലി സമുദായക്കാരനായ സോളങ്കി, സമുദായത്തിന് ആവശ്യമായ പരിഗണന മന്ത്രിസഭയില്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. മന്ത്രിമാരെ നിശ്ചയിച്ചതില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സമുദായത്തെ അലോസരപ്പെടുത്തുന്ന രീതിയിലുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംസ്ഥാന ഫിഷറീസ് മന്ത്രികൂടിയായ അദ്ദേഹം ആരോപിച്ചു.
ഭാവ്‌നഗറില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഇത് അഞ്ചാം തവണയാണ് താന്‍ നിയമസഭയിലെത്തുന്നത്. എന്നിട്ടും തനിക്ക് ലഭിച്ചത് അപ്രധാന വകുപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രൂപാണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ കോലി സമുദായ നേതാക്കള്‍ കാത്തിരിക്കുകയാണ്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും സോളങ്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."