16 കാരിയായ ഫലസ്തീനിക്കെതിരേ ഇസ്റാഈല്‍ 12ഓളം കുറ്റങ്ങള്‍ ചുമത്തി
വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ 16കാരിയായ ആക്ടിവിസ്റ്റ് അഹദ് തമീമിക്കെതിരേ ഇസ്റാഈല്‍ അധികൃതര്‍ ചുമത്തിയിരിക്കുന്നത് 12ഓളം കുറ്റങ്ങള്‍. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്റാഈല്‍ സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് കഴിഞ്ഞ മാസം 19ന് തമീമിയെ ഇസ്റാഈല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്.
നബി സാലിഹിലെ സ്വന്തം വീടിനടുത്തായിരുന്നു അഹദ് തമീമി ഇസ്റാഈല്‍ സൈനികരെ നേരിട്ടത്. അമ്മായിയുടെ 15കാരിയായ മകളെ സൈന്യം വെടിവച്ചതിനെ തുര്‍ന്നായിരുന്നു തമീമി ക്ഷുഭിതയായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രചാരം നേടിയിരുന്നു. ഇതിനു പിറകെയാണ് തമീമിയെ ഇസ്റാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമീമിയുടെ അമ്മായിയുടെ മകള്‍ നാലു ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു.
സംഭവത്തില്‍ തമീമിയുടെ മാതാവ് നരിമാന്, കുടുംബത്തിലെ 20കാരിയായ നൂര്‍ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനികരെ അക്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, സൈന്യത്തിനെതിരേ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ഇസ്റാഈല്‍ സൈനിക കോടതി ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."