കോടതി വളപ്പിലെ എ.ടി.എമ്മും, സ്വകാര്യ ബേക്കറിയും വിവാദത്തിലേക്ക്
ആലപ്പുഴ: ജില്ലാ കോടതി വളപ്പിലെ ലൈബ്രററി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് എ.ടി.എമ്മും ബേക്കറിയും അനധികൃതമെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്.
മുന്‍ എം.പി വി.എം സുധീരന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ലൈബ്രററി കെട്ടിടത്തിലാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറും സ്വകാര്യ വ്യക്തിയുടെ ബേക്കറിയും പ്രവര്‍ത്തിക്കുന്നത്. 2012 ല്‍ ആണ് എ.ടി.എം കൗണ്ടറിനും ബേക്കറിക്കും പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനം എതുവിധത്തിലാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഏതുതരത്തിലുളള ഉടമ്പടിയാണ് ബാങ്കിനും ബേക്കറിക്കും നല്‍കിയിട്ടുളളതെന്നും അഡ്വാന്‍സ് തുക കൈപറ്റിയിട്ടുണ്ടോയെന്നും വ്യക്തമല്ല.
എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഇറക്കിയിട്ടുളള സാഹചര്യത്തില്‍ തിടുക്കത്തില്‍ എ.ടി.എമ്മിനും ബേക്കറിക്കുമായി അധികാരികള്‍ കെട്ടിടം വിട്ടുനല്‍കിയതില്‍ ദുരൂഹത പടരുകയാണ്. ചില വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എ.ടി .എമ്മും ബേക്കറിയും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
എന്നാല്‍ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്. 2012-ല്‍ ഡബ്ല്യു.പി.സി 32762012 (എം) നമ്പര്‍ ഉത്തരവ് പ്രകാരം ഹൈക്കോടതിയാണ് എ.ടി.എമ്മിനും ബേക്കറിക്കും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അനുവാദം നല്‍കിയതെന്ന് ജില്ലാ കോടതിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരുത്തരവ് ഹൈക്കോടതി നല്‍കിയിട്ടില്ലെന്ന് ഇവിടെനിന്ന് ലഭിച്ച പി.എല്‍.ഒ.5002016 നമ്പര്‍ ഉത്തരവ് തെളിയിക്കുന്നു.പത്തോളം കോടതികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വിവരാവകാശങ്ങള്‍ നല്‍കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ആരെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. അതത് കോടതികളിലെ വിവരാവകാശ ഓഫീസറുടെ പേര് പതിപ്പിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
ജില്ലാ കോടതിയിലെ ശിരസ്താരുടെ പേരുമാത്രമാണ് എഴുതി പതിപ്പിച്ചിട്ടുളളത്. പൊതുജനങ്ങള്‍ക്ക് കോടതി സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത് തിരിച്ചടിയാകുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."