രാജ്യസഭ: എ.എ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സഞ്ജയ് സിങ്്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍.ഡി ഗുപ്ത, ഡല്‍ഹിയിലെ വ്യവസായ പ്രമുഖന്‍ സുശീല്‍ ഗുപ്ത എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഡല്‍ഹി നിയമസഭയില്‍ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ആം ആദ്മി പാര്‍ട്ടിക്ക് തങ്ങളുടെ മൂന്ന് സ്ഥാനാര്‍ഥികളേയും വിജയിപ്പിക്കാനാകും.
പാര്‍ട്ടിയില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയാണ് (പി.എ.സി) സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. പാര്‍ട്ടിയുടെ അകത്തും പുറത്തുമുള്ള 18 പേരുകള്‍ ഗൗരവമായി പരിഗണിച്ച് ചര്‍ച്ച ചെയ്തുവെന്ന് സിസോദിയ വ്യക്തമാക്കി. അതില്‍ നിന്ന് എട്ടുപേരെ വോട്ട് ചെയ്ത് തെരഞ്ഞെടുത്തു. നാമനിര്‍ദേശം ചെയ്യപ്പെട്ടവരെ അവരുടെ മേഖലകളില്‍ ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് അന്തിമ തീര്‍പ്പിലെത്തിയതെന്നും സിസോദിയ പറഞ്ഞു.
അതേസമയം, തുടക്കം മുതല്‍ രാജ്യസഭാ സീറ്റിന് വേണ്ടി അണികളെ ഇറക്കി സമ്മര്‍ദ്ധതന്ത്രം നടത്തിയ പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് നേതൃത്വത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാമെന്ന് നേരത്തെ നേതൃത്വം ഉറപ്പുനല്‍കിയിരുന്നുവെന്ന് കുമാര്‍ ബിശ്വാസ് അവകാശപ്പെടുന്നു. സത്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് കെജ്‌രിവാള്‍ തനിക്ക് സീറ്റ് നിഷേധിച്ചതെന്നും കെജ്‌രിവാള്‍ ഒരു ഡോക്ടറെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.. എന്നാല്‍ കുമാര്‍ ബിശ്വാസ് പി.എ.സിയില്‍ അംഗമാണെങ്കിലും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തില്ല. തന്നെ തഴയുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹം യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കുമാര്‍ ബിശ്വാസിനെതിരേ പാര്‍ട്ടിക്കകത്ത് നിന്നും പുറത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മലയാളി നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ചതും അദ്ദേഹത്തിനെതിരായ എതിര്‍പ്പിന് ആക്കം കൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."