ആര്‍.എസ്.എസിന്റെ പ്രതിഷേധം: സന്ദര്‍ശനം വെട്ടിച്ചുരുക്കി പിണറായി മടങ്ങി
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടികളെ തുടര്‍ന്ന് തന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി.
ഇന്നലെ ഉച്ചയോടെ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്നിനു തന്നെ മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങുകയായിരുന്നു. വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന വിവരം മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം മടങ്ങിയെന്ന വിവരമാണ് ലഭിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ടാവുമെന്ന് അറിഞ്ഞു രാജ്യതലസ്ഥാനത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളാഹൗസിനു മുമ്പില്‍ പ്രതിഷേധപരിപാടികള്‍ക്കു പദ്ധതിയിട്ടിരുന്നു. തിങ്കളാഴ്ച പ്രതിഷേധം ഉണ്ടായില്ലെങ്കിലും ഇന്നലെ കേരളാഹൗസിലേക്കു മാര്‍ച്ചും ജന്തര്‍മന്ദിറില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ് അറിയിക്കുകയുണ്ടായി. കേരളത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ തിരിച്ചടി നല്‍കുമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ പിണറായിയുടെ സാന്നിധ്യം പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണമാവുമെന്നു രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കേരളാ ഹൗസ് റസിഡന്റ് കമ്മിഷനെ അറിയിച്ചു. ഇതുപ്രകാരം സുരക്ഷാവീഴ്ച സംബന്ധിച്ച് ആശങ്കയുണ്ടായ സാഹചര്യത്തില്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കലാണ് ഗുണകരമെന്ന് പിണറായിയുടെ സുരക്ഷാ ഗാര്‍ഡിനു നിര്‍ദേശവും ലഭിച്ചു. ഇതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞുമടങ്ങേണ്ടിയിരുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ തന്നെ മടങ്ങിയത്.
അതേസമയം, പിണറായി വിജയന്‍ പേടിത്തൊണ്ടനെപ്പോലെ ഒളിച്ചോടിയെന്ന് ആര്‍.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ ആരോപിച്ചു. രാവിലെ 11 ഓടെ കേരള ഹൗസിനു മുന്നിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മടങ്ങിയ വിവരം അറിഞ്ഞതോടെ ജന്തര്‍മന്ദിറില്‍ ധര്‍ണ നടത്തി പിരിഞ്ഞു.
കഴിഞ്ഞമാസം മധ്യപ്രദേശില്‍ മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയപ്പോഴും ആര്‍.എസ്.എസിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു പിണറായിയെ പൊലിസ് തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."