സി.പി.എം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും
സി.പി.എം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും
കൊയിലാണ്ടി: സി.പി.എം ജില്ലാസമ്മേളനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കമ്മിറ്റിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ കടുത്ത വിമര്‍ശനം. രാഷ്ട്രീയചര്‍ച്ചയില്‍ പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിനെതിരെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ട്ടി എന്നു പറയുമ്പോഴും ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടക്കുന്ന സമരങ്ങളില്‍ പാര്‍ട്ടിയുടെ പങ്കാളിത്തമില്ലായ്മയും അത്തരം സമരങ്ങളോടുള്ള സമീപനവും വിമര്‍ശനവിധേയമായി. ഡി.വൈ.എഫ്.ഐ നേതൃത്വം സമരങ്ങള്‍ മറന്നെന്നും എ.എന്‍ ഷംസീറും എം. സ്വരാജും ഡി.വൈ.എഫ്.ഐയെ നിര്‍ജീവമാക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മന്ത്രിമാരുടെ ധൂര്‍ത്തുകളും വിവിധ വിഷയങ്ങളിലെ പ്രസ്താവനകളും വിമര്‍ശന വിധേയമായി.
ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരം, ഗെയില്‍ വിരുദ്ധ സമരം എന്നിവയില്‍ പാര്‍ട്ടി ഇടപെട്ട രീതികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചോദ്യംചെയ്തു.
ജിഷ്ണുവിന്റെ കുടുംബത്തോടു പാര്‍ട്ടി എതിരെന്ന രീതിയില്‍ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വന്ന വാര്‍ത്തകളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കായില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടത്തിനു ഭീഷണിയായ ഗെയില്‍ പൈപ്പ് സമരത്തിലും പാര്‍ട്ടി ഇടപെട്ടതു വൈകിയാണെന്നു ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍തന്നെ പാര്‍ട്ടി ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ല. വലതുപക്ഷ മാധ്യമങ്ങള്‍ക്കു വാര്‍ത്തയാക്കാനായി മാത്രം പാര്‍ട്ടിയും നേതൃത്വങ്ങളുടെ പ്രസ്താവനകളും മാറുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. ഇത്തരം ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ ഇകഴ്ത്തിക്കെട്ടാന്‍ മാത്രമാണു സഹായിക്കുന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു. 16 ഏരിയാകമ്മിറ്റികളില്‍ ഭൂരിഭാഗവും ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ ഇഴകീറിയ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കി.
അതേമസയം മൂന്നുദിവസങ്ങളിലായി നടന്നുവരുന്ന സമ്മേളനം ഇന്നു സമാപിക്കും. കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 25,000 ചുവപ്പു വളണ്ടിയര്‍മാരുടെ പരേഡും പൊതു പ്രകടനവും ഉണ്ടാകും. മന്ത്രിമാരായ കെ.കെ ശൈലജ, എ.കെ ബാലന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."