വീട്ടുമുറ്റം വയലാക്കി; ഞാറ്റടി പരീക്ഷണവുമായി യുവകര്‍ഷകന്‍
കാഞ്ഞങ്ങാട്: നെല്‍ക്കൃഷിയില്‍ നൂതന പരീക്ഷണവുമായി കാഞ്ഞങ്ങാട് നിത്യാനന്ദ കോട്ടയ്ക്കു സമീപത്തെ യുവ കര്‍ഷകന്‍ കെ. രാധാകൃഷ്ണന്‍. മുന്‍ കാലങ്ങളില്‍ വയലില്‍ മാത്രം ചെയ്ത ഞാറ്റടി വീട്ടുമുറ്റത്ത് ചെയ്താണ് നെല്‍ക്കൃഷിയില്‍ ഈ കര്‍ഷകന്‍ നൂതന പരീക്ഷണങ്ങള്‍ക്കു തയാറാകുന്നത്.
ചകിരിച്ചോറ് ഉപയോഗിച്ചാണ് വീട്ടുമുറ്റം വയലാക്കി മാറ്റുന്നത്. ഇതു കൊണ്ടു വെള്ളം നനയ്ക്കാനും പരിപാലിക്കാനും എളുപ്പമാണ്. ഇങ്ങനെ ചെയ്യുന്നതിനാല്‍ നടീല്‍ യന്ത്രത്തിനു തകരാറുകള്‍ സംഭവിക്കാതെ വേഗത്തില്‍ നടുവാന്‍ സാധിക്കുന്നു. നല്ലൊരു ക്ഷീരകര്‍ഷകന്‍ കൂടിയായ ഈ യുവാവ് മുഴുവന്‍ സമയ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയുമാണ്. പനയാല്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ഫാര്‍മര്‍ സെന്ററി ട്രാക്ടര്‍ ഡ്രൈവര്‍ കൂടിയാണ് രാധാകൃഷ്ണന്‍.
രാധാകൃഷ്ണന്റെ ഈ ഉദ്യമം പ്രയോജനപ്പെടുത്തി നഗരസഭയിലെ തരിശ്ശായി കിടക്കുന്ന മുഴുവന്‍ പാടങ്ങളും കൃഷി ചെയ്യുന്നതിനു കര്‍മ്മസമിതി രംഗത്തിറങ്ങുമെന്ന് നഗരസഭ കൃഷിഭവന്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടൊപ്പം ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് കാഞ്ഞങ്ങാട് കര്‍മ്മസേന സഹായത്തോടെ തരിശായ പാടം മുഴുവന്‍ കൃഷി ഇറക്കുന്നതിന് നഗരസഭയും കര്‍മ്മസേനയും മുന്നിട്ടിറങ്ങുമെന്നും ഇതിനു ജലമെത്തിക്കുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പും തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നഗരസഭാ കൃഷിവിഭാഗം കണ്‍വീനര്‍ കൃഷി ഓഫിസര്‍ ടി.പി ദിനേശന്‍, കെ. നിശാന്ത്, എം. മനോജ് എന്നിവരും കൂടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."