ഇനി പുതിയ റോഡ്: കരിമ്പം-കങ്കാണംചാല്‍ റോഡിന് ശാപമോക്ഷം
തളിപ്പറമ്പ്: കരിമ്പം-കങ്കാണംചാല്‍ റോഡിന് ശാപമോക്ഷം. കങ്കാണംചാല്‍, മുയ്യം, ചെപ്പനൂല്‍, വടക്കാഞ്ചേരി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് നവീകരണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുറുമാത്തൂര്‍ കൃഷിഭവന്റെ പഴയ കെട്ടിടത്തിനു മുന്നില്‍നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കത്തിലെ 265 മീറ്റര്‍ ഭാഗം കരിമ്പം ഫാമിന്റെ സ്ഥലമാണെന്ന സാങ്കേതികതയുടെ പേരിലാണ് റോഡ് നവീകരണത്തിന് തടസമായത്.
ആദ്യകാലത്ത് റോഡിന്റെ ആരംഭത്തിലും ഫാമിന്റെ സ്ഥലം അവസാനിക്കുന്ന ഭാഗത്തും ഗെയിറ്റ് ഉണ്ടായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതികള്‍ പരിഗണിച്ച് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ ഇടപെട്ടാണ് ഗെയിറ്റ് ഒഴിവാക്കി റോഡ് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും ഉപയോഗിക്കാന്‍ അനുവദിച്ചത്. റോഡിന്റെ ഇരുവശവും കമ്പിവേലി കെട്ടുകയും ഈ റോഡില്‍ നിന്ന് ഫാമിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക കവാടങ്ങളും സ്ഥാപിച്ചു.
റോഡില്‍ ഫാമിനകത്തു കൂടി കടന്നുപോകുന്ന ഭാഗം ഒഴിച്ച് പ്രാദേശിക ഭരണകൂടം ടാര്‍ ചെയ്തുവെങ്കിലും ഈ ഭാഗത്തെ റോഡ് സാങ്കേതികതയുടെ പേരില്‍ ടാര്‍ ചെയ്യാത്തതു കാരണം ജനങ്ങളുടെ യാത്ര ദുരിതത്തിലാകുന്നത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കരിമ്പം ഫാമിന്റെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്തും കുറുമാത്തൂര്‍ പഞ്ചായത്തും ഇടപെട്ടതോടെയാണ് റോഡ് നവീകരണമെന്ന ആവശ്യത്തിന് പരിഹാരമായത്. ഡ്രെയ്‌നേജിന്റെയും കലുങ്കിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."